തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ഭരണം അല്‍പ്പായുസ്സാവുമോ? കയ്യാങ്കളിക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ മേയര്‍ വി. വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യുഡിഎഫ് നീക്കം ആരംഭിച്ചു. പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചാല്‍ ബിജെപി ഭരണം വീഴും. കനത്ത രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ വരുന്ന തിങ്കളാഴ്ചയാണ് ഇനി കൗണ്‍സില്‍ യോഗം ചേരുക. കൊടും ക്രിമിനലായ ആര്‍ സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനം തുലാസിലായതാണ് ബിജെപിക്ക് വിനയായത്.
|
അതേസമയം, കോര്‍പ്പറേഷനില്‍ നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് ബിജെപിയുടെ ആരോപണം. കഴിഞ്ഞ ദിവസം നഗരസഭയിലുണ്ടായ സംഘര്‍ഷങ്ങള്‍ ഇരുവിഭാഗവും ചേര്‍ന്ന് ആസൂത്രണം ചെയ്ത നാടകമാണെന്നും ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. കൗണ്‍സില്‍ യോഗം അനിശ്ചിതമായി നീട്ടിവെക്കുന്നതിനെതിരെ എല്‍ഡിഎഫും യുഡിഎഫും കനത്ത വിമര്‍ശനം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച യോഗം വിളിച്ചുചേര്‍ക്കാന്‍ ഒടുവില്‍ തീരുമാനമായത്.
സുഗതന് ‘കാപ്പ’ കുരുക്ക്
ബിജെപി കൗണ്‍സിലറായ ആര്‍. സുഗതന് മേല്‍ കാപ്പ (KAAPA) ചുമത്തിയതും അദ്ദേഹം നിലവില്‍ ജയിലിലായതുമാണ് ഭരണസമിതിയെ പ്രതിരോധത്തിലാക്കിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സുഗതനെ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കണമെന്ന് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കോര്‍പ്പറേഷനില്‍ നടത്തിയ പ്രതിഷേധമാണ് മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റ വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്.
സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവിന് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം ഔദ്യോഗികമായി അംഗീകാരം നല്‍കിയിരുന്നു. കൂടാതെ ജയിലിലായതിനാല്‍ സുഗതന്‍ മുന്‍പ് നടത്തിയ സത്യപ്രതിജ്ഞ അസാധുവായതായും കണ്ടെത്തിയിട്ടുണ്ട്.
നിയമപ്പോരാട്ടത്തിനൊരുങ്ങി സുഗതന്‍
സത്യപ്രതിജ്ഞാ വിവാദത്തില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുഗതന്‍ ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കും. ഒപ്പം കാപ്പ നിയമത്തിലെ ഇളവുകള്‍ക്കായി കാപ്പാ ബോര്‍ഡിന് മുന്നിലും അപ്പീല്‍ നല്‍കാനാണ് സുഗതന്റെയും ബിജെപിയുടെയും നീക്കം.
14 ദിവസത്തിനുള്ളില്‍ പുനര്‍സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ മുന്‍ ഉത്തരവെങ്കിലും, ജയിലില്‍ കഴിയുന്ന പ്രതിക്ക് വീണ്ടും സത്യപ്രതിജ്ഞയ്ക്ക് അവസരം നല്‍കുന്നത് ചട്ടവിരുദ്ധമാണെന്ന പരാതി ഉയര്‍ന്നുകഴിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും അടിയന്തര നിയമോപദേശം തേടിയിട്ടുണ്ട്. തിങ്കളാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗം തിരുവനന്തപുരം നഗരസഭയുടെ ഭരണതുടര്‍ച്ചയില്‍ നിര്‍ണായകമായി മാറും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





