16
Mar 2025
Sun
16 Mar 2025 Sun
Trump says India has agreed to reduce tariffs on US products

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി വന്നതോടെ തുടങ്ങിയ വ്യാപാരയുദ്ധത്തില്‍ യു.എസിന് കീഴടങ്ങാന്‍ തീരുമാനിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍. ‘പകരത്തിന് പകരം താരിഫ്’ (Reciprocal Tariff Act) എന്ന ട്രംപിന്റെ നിലപാടിന് വഴങ്ങുന്നതിന്റെ ഭാഗമായി യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് താരിഫ് കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചെന്ന് ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച ഓവല്‍ ഓഫിസ് പുറത്തിറക്കിയ ട്രംപിന്റെ പ്രസ്താവനയിലാണ് ഇന്ത്യയുടെ മാറ്റത്തെക്കുറിച്ച് പറയുന്നത്.

‘യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി ഈടാക്കുന്നതുമൂലം അവരുടെ വിപണിയില്‍ ഞങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാനാകുന്നില്ല. ഈ പശ്ചാത്തലത്തില്‍ നികുതിയില്‍ ഇളവു കൊണ്ടുവരാന്‍ ഇന്ത്യ തയാറാകുന്നുണ്ട്. യു.എസിന്റെ നിലപാടിന് പിന്നാലെ താരിഫ് കുറയ്ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഈ വിഷയത്തില്‍ ഇന്ത്യ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് അറിയിച്ചു’ പ്രസ്താവനയില്‍ പറയുന്നു. യു.എസിന്റെ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഭീമമായ താരിഫ് ഈടാക്കുന്നതിനാല്‍ വ്യാപാര പ്രതിസന്ധി നേരിടുന്നുവെന്ന ആരോപണം ആവര്‍ത്തിച്ചാണ് ട്രംപ് പ്രസ്താവന ഇറക്കിയത്. ഇന്ത്യന്‍ വാണിജ്യവ്യാപാര മന്ത്രി പിയൂഷ് ഗോയല്‍, യു.എസ് വാണിജ്യവകുപ്പ് ചുമതലയുള്ള ഹോവാര്‍ഡ് ലുട്‌നിക്കുമായുള്ള ചര്‍ച്ചകള്‍ക്കായി വാഷിങ്ടണില്‍ കഴിയുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഏപ്രില്‍ നാല് മുതല്‍ ഇന്ത്യക്ക് അധിക നികുതി ഈടാക്കുമെന്ന് നേരത്തെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. താരിഫുകളുടെ രാജാവ് എന്നാണ് അദ്ദേഹം ഇന്ത്യയെ വിശേഷിപ്പിച്ചത്. അതേസമയം, വ്യാപാരയുദ്ധത്തില്‍ തിരിച്ചടി ഭയന്ന് കാനഡയ്ക്കും മെക്‌സികോക്കും എതിരേ പ്രഖ്യാപിച്ച നികുതി വര്‍ധനവ് നടപ്പാക്കുന്നതില്‍നിന്ന് ട്രംപ് മലക്കംമറിഞ്ഞതിന് പിന്നാലെയാണ് പുതിയ സംഭവവികാസം.


ജനുവരിയില്‍ യു.എസ് പ്രസിഡന്റായി അധികാരമേറ്റതുമുതല്‍ ഇന്ത്യയുള്‍പ്പെടെയുള്ള വന്‍ശക്തി രാജ്യങ്ങളുമായി ഇറക്കുമതി താരിഫ് സംബന്ധിച്ച വിഷയത്തില്‍ ട്രംപ് നിലപാട് കടുപ്പിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ട്രംപ് ഉന്നയിച്ചത്. യു.എസ് സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഞങ്ങളുടെ ചില ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ കനത്ത താരിഫാണ് ചുമത്തുന്നതെന്നും അതേ നാണയത്തില്‍ താരിഫ് ചുമത്തുകയാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് മോദിയെ അറിയിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം, ട്രംപിന്റെ ഭീഷണിയെത്തുടര്‍ന്ന് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചെന്ന റിപ്പോര്‍ട്ടുളുടെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ്. മോദി തന്റെ ‘അടുത്ത സുഹൃത്തിന്റെ’ സമ്മര്‍ദ്ദത്തില്‍പ്പെട്ടോ എന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പരിഹസിച്ചു. മോദി സര്‍ക്കാരിന്റെ വ്യാപാര നയം വിനാശകരമാണ്. മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കഴിയുമെങ്കില്‍, യു.എസിന്റെ പരസ്പര താരിഫുകളില്‍ മാസത്തെ താല്‍ക്കാലിക ഇടവേള ചര്‍ച്ച ചെയ്യാന്‍ എന്തുകൊണ്ട് ഇന്ത്യക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം ചോദിച്ചു.

Trump says India has agreed to reduce tariffs on US products

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക