ജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) 20 -മത് വാര്‍ഷികാഘോഷമായ ‘അനന്തോത്സവം 2025’ ഇന്ന് (വെള്ളിയാഴ്ച്ച) ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അരങ്ങേറും. വൈകീട്ട് 6:30ന് ആരംഭിക്കുന്ന പരിപാടിയില്‍ സിനിമ പിന്നണി ഗായകരായ അഞ്ജു ജോസഫ്, അക്ബര്‍ ഖാന് എന്നിവര്‍ നയിക്കുന്ന ഗാനസന്ധ്യ സാംസ്കാരിക കലാ മേളക്ക് മികവാകും. ‘ദി ഗ്രൂവ് ടൗണ്‍’ ബാന്‍ഡിന്റെ ലൈവ് പെര്‍ഫോമന്‍സും ഉണ്ടാവും.
|
ടി.എസ്.എസ് അംഗങ്ങളും കുട്ടികളും ജിദ്ദയിലെ മറ്റ് കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ജിദ്ദയില്‍ വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് ടി.എസ്.എസ് നല്‍കിവരുന്ന പ്രതിഭാ പുരസ്കാരങ്ങള്‍ പരിപാടിയില്‍ വിതരണം ചെയ്യും. ജീവകാരുണ്യ രംഗത്തെ സേവനത്തിനുള്ള നാസര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് മസൂദ് ബാലരാമപുരത്തിനും കലാ, സാഹിത്യ രംഗത്തെ മികവിനുള്ള മഹേഷ് വേലായുധന് സ്മാരക പുരസ്ക്കാരം എഴുത്തുകാരി റജിയ വീരാനും ടി.എസ്.എസ് പ്രത്യേക അംഗീകാര അവാര്‍ഡ് സംഘടനയുടെ സ്ഥാപക അംഗവും മുന്‍ പ്രസിഡന്റുമായ ഷജീര്‍ കണിയാപുരത്തിനും നല്കി ആദരിക്കും.
കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രിസ് അസോസിയേഷന്റെ ഈ വര്‍ഷത്തെ മികച്ച എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി അവാര്‍ഡിന് അര്‍ഹനായ ടി.എസ്.എസ് എക്സിക്യൂട്ടീവ് അംഗം റഹിം പള്ളിക്കലിന്റെ മകന് നബീലിനെ (എന്‍.ബി.എല്‍ ഇന്റര്‍നാഷണല്‍) ചടങ്ങില്‍ ആദരിക്കും. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ മേഖലയില്‍ മികച്ച വിജയം കൈവരിച്ച ടി.എസ്.എസ് അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള പുരസ്കാരങ്ങളും പരിപാടിയില്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് തരുണ്‍ രത്നാകരന്, ജനറല്‍ സെക്രട്ടറി ജാഫര്‍ ഷരീഫ്, ട്രഷറര്‍ ഷാഹിന്‍ ഷാജഹാന്, പ്രോഗ്രാം കണ്‍വീനര്‍ ഹാഷിം കല്ലമ്പലം, എക്സിക്യൂട്ടീവ് അംഗം നാസര്‍ കരമന മൗഷ്മി ഷരീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


