24
Sep 2022
Sat
24 Sep 2022 Sat

ദേശീയ, സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും രാജ്യവ്യാപകമായി ഓഫിസുകളിലും നേതാക്കളുടെ വസതികളിലും എൻഐഎയും ഇഡിയും റെയ്ഡ് നടത്തുകയും ചെയ്തതിനെതിരേ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വെള്ളിയാഴ്ച നടത്തിയ സംസ്ഥാന ഹർത്താലിനിടെ കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ചുവീഴ്ത്തിയെന്ന വാർത്തയിൽ ട്വിസ്റ്റ്. കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസുകാരെ ബൈക്കിടിച്ചുവീഴ്ത്തിയെന്നും രണ്ടുപേർക്ക് പരിക്കേറ്റുവെന്നുമുള്ള സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ബൈക്കിലെത്തിയ ആൾക്കു നേരെ പൊലീസുകാർ ലാത്തിയുമായി അടിക്കാൻ ഓടിവരുന്നതിനിടെ ഇയാൾ വാഹനം തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ പിന്നാലെ ബൈക്കിലെത്തിയ പൊലീസുകാർ ഈ ബൈക്കിനെ ഇടിച്ചുവീഴ്ത്താൻ ശ്രമിക്കുകയും എന്നാൽ ഇവർ തന്നെ മറിഞ്ഞുവീഴുകയുമായിരുന്നു. ബൈക്കിലെത്തിയ യുവാവ് പൊലീസുകാരുടെ പിടിയിൽ പെടാതെ വന്ന വഴിയെ തിരിച്ചുപോവുന്നതും വീഡിയോയിൽ വ്യക്തമാണ്.

 

ബൈക്കിനു പിറകെ ലാത്തിയുമായി പൊലീസുകാർ ഓടുന്നതും വീഡിയോയിൽ കാണാം. ഇന്നലെ രാവിലെ 7.36ഓടെയായിരുന്നു ഈ സംഭവം. ബൈക്കിൽ പട്രോളിങ് നടത്തുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ ആന്റണി, സിപിഒ നിഖിൽ എന്നിവർക്കു പരിക്കേറ്റുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പട്രോളിങ്ങിനിടെ യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽ പെട്ട പൊലീസുകാർ ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നും പൊലീസ് പറഞ്ഞിരുന്നു.