പൂനെ: മദ്യലഹരിയില്‍ പോര്‍ഷേ കാറിടിപ്പിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 17കാരന്റെ രക്തസാംപിളില്‍ അട്ടിമറി നടത്തിയതിന് രണ്ട് ഡോക്ടര്‍മാരും ഒരു പ്യൂണും അറസ്റ്റിലായി. സാസൂന്‍ ആശുപത്രിയിലെ ഡോ. അജയ് തവാഡെ, ഡോ. ഹരി ഹാര്‍നര്‍ എന്നിവരെയും പ്യൂണിനെയുമാണ് പൂനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
|
കസ്റ്റഡിയിലെടുത്ത 17കാരനെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോഴെടുത്ത രക്തസാംപിള്‍ സംഘം മാലിന്യപ്പെട്ടിയില്‍ നിക്ഷേപിക്കുകയും മറ്റൊരാളുടെ രക്തമെടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയുമായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
സാസൂണ്‍ ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. അജയ് തവാഡെയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീഹരി ഹാല്‍നര്‍ ആണ് രക്തസാംപിള്‍ മാറ്റിവച്ചതെന്ന് പൂനെ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.
കുട്ടിയുടെ പിതാവ് ഡോ. അജയ് തവാഡെയെ ഫോണ്‍ വിളിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ഇതടക്കം രണ്ടു ഡോക്ടര്‍മാരുടെയും മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
രക്തസാംപിള്‍ അട്ടിമറിച്ചതിനെ തുടര്‍ന്ന് പുറത്തുവന്ന ഫലത്തില്‍ 17കാരന്‍ മദ്യപിച്ചിട്ടില്ലെന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് 17കാരന്‍ ബാറിലിരുന്ന് കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്ന തെളിവ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രക്തസാംപിള്‍ അട്ടിമറി കണ്ടെത്തുന്നതും ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തതും.
17കാരനെ കസ്റ്റഡിലെടുത്ത പോലീസ് ആദ്യം അപകടത്തെക്കുറിച്ച് 300 വാക്കില്‍ ഉപന്യാസം എഴുതിച്ച ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ നടപടി വിവാദമായതോടെ വീണ്ടും കസ്റ്റഡിയില്‍ എടുക്കുകയും ജുവനൈല്‍ ഹോമില്‍ അയയ്ക്കുകയും ചെയ്തു. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കാറോടിച്ചിരുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിനാണ് മുത്തച്ഛനെ അറസ്റ്റ് ചെയ്തത്. ഐടി എന്‍ജിനീയര്‍മാരായ അനീഷ് അവാധിയ, അശ്വിനി കോസ്ത എന്നിവരാണ് സംഭവദിവസം കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും അമിത വേഗത്തിലെത്തിയ പോര്‍ഷേ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





