പാലക്കാട് തേങ്കുറിശ്ശിയില്‍ പ്രണയവിവാഹിതയായ യുവതിയുടെ ഭര്‍ത്താവിനെ വെട്ടിക്കൊന്ന പിതാവിനും അമ്മാവനും ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളായ തേങ്കുറുശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍, ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് എന്നിവരെ ശിക്ഷിച്ചത്.
|
പ്രഭുകുമാറിന്റെ മകള്‍ ഹരിതയുടെ ഭര്‍ത്താവ് അനീഷിനെ 2020 ഡിസംബര്‍ 25നാണ് ഇരുവരും ചേര്‍ന്ന് വെട്ടിക്കൊന്നത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അനീഷിന്റെ കുടുംബാംഗങ്ങളും വിധവ ഹരിതയും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച കേസ് പരിഗണിച്ച കോടതി വിധി പ്രസ്താവന ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
വിവാഹം കഴിഞ്ഞ് 88ാം ദിവസമായിരുന്നു അനീഷ് കൊല്ലപ്പെട്ടത്. അനീഷിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നെങ്കിലും മണിക്കൂറുകള്‍ക്കകം ഇരുവരെയും പിടികൂടാന്‍ പോലീസിനായി.
അതേസമയം വിധിയില്‍ തൃപ്തയല്ലെന്ന് ഹരിത പ്രതികരിച്ചു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ തന്നെയും അനീഷിന്റെ വീട്ടുകാരെയും കൊല്ലുമെന്ന് പേടിയുണ്ടെന്നും ഹരിത പറഞ്ഞു. ബിബിഎ രണ്ടാം വര്‍ഷം പഠിക്കുമ്പോഴായിരുന്നു ഹരിത അനീഷിനെ പ്രണയിച്ചുവിവാഹം കഴിക്കുന്നത്. 2020 ഒക്ടോബര്‍ 27ന് വീടുവിട്ടിറങ്ങിയ ഹരിത അനീഷിനൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിക്കുകയും തുടര്‍ന്ന് ക്ഷേത്രത്തില്‍ പോയി വിവാഹം കഴിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനുശേഷം പലപ്പോഴും പ്രഭുകുമാറും സുരേഷും അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. മൂന്നുമാസം ഒന്നിച്ചുതാമസിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും 88ാം ദിവസം കൊലപ്പെടുത്തുകയുമായിരുന്നുവെന്നും ഹരിത പറയുന്നു. സഹോദരനായ അരുണിനൊപ്പം ബൈക്കില്‍ പോവുമ്പോഴായിരുന്നു ഇരുവരും അനീഷിനെ വെട്ടിക്കൊന്നത്.
READ ALSO: ദുരഭിമാന കൊല; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പിതാവും സഹോദരന്മാരും ചേര്‍ന്ന് കൊലപ്പെടുത്തി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





