UAE lottery jackpot Indian 100 മില്യണ്‍ ദിര്‍ഹം (225 കോടി രൂപയോളം)യുഎഇ ലോട്ടറി ജാക്ക്പോട്ട് നേടിയ ഇന്ത്യക്കാരനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തവുന്നു. അബൂദബിയില്‍ താമസിക്കുന്ന ആന്ധ്രപ്രദേശില്‍ നിന്നുള്ള അനില്‍കുമാര്‍ ബൊള്ള (29)യാണ് ആ ഭാഗ്യശാലി. നേരത്തെ അനില്‍കുമാര്‍ ബി. എന്ന പേര് അധികൃതര്‍ പുറത്തുവിട്ടതനുസരിച്ച് ഇന്ത്യക്കാരനാണ് ഭാഗ്യവാന്‍ എന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍, മലയാളിയാണോ എന്നായിരുന്നു കേരളീയരുടെ ആകാംക്ഷ.
|
നറുക്കെടുപ്പ് കഴിഞ്ഞ് ഒമ്പത് ദിവസത്തിന് ശേഷമാണ് യുഎഇ ലോട്ടറി വിജയിയുടെ വീഡിയോയും പൂര്‍ണ്ണ വിവരങ്ങളും പുറത്ത് വിട്ടത്. 2025 ഒക്ടോബര്‍ 18 ശനിയാഴ്ച നടന്ന 23-ാമത് ലക്കി ഡേ നറുക്കെടുപ്പിലാണ് അനില്‍കുമാര്‍ ബൊള്ള വിജയിയായത്.
അനില്‍കുമാര്‍ വീട്ടില്‍ വിശ്രമത്തിലായിരിക്കെയാണ് തന്റെ ജീവിതം മാറ്റിമറിച്ച ഫോണ്‍ വിളി യുഎഇ ലോട്ടറിയില്‍ നിന്ന് ലഭിച്ചത്. ലോട്ടറി ആരംഭിച്ചതുമുതല്‍ സ്ഥിരമായി നറുക്കെടുപ്പില്‍ പങ്കെടുക്കാറുള്ള അദ്ദേഹത്തിന് ആദ്യം അമ്പരപ്പായിരുന്നു. പതുക്കെ അത് സന്തോഷത്തിന് വഴിമാറി. ഇപ്പോഴും അത് സംഭവിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലുള്ള തന്റെ സഹോദരനെ വിളിച്ച് സന്തോഷം പങ്കിടുന്നതിന് മുമ്പ് ആദ്യം ഒരു സഹപ്രവര്‍ത്തകനോടാണ് അദ്ദേഹം ഈ വാര്‍ത്ത പങ്കുവെച്ചത്.
”ഈ വിജയം എന്റെ സ്വപ്നങ്ങള്‍ക്കും അപ്പുറമാണ്,” യുഎഇ ലോട്ടറിയുമായുള്ള അഭിമുഖത്തില്‍ വികാരഭരിതനായ ബൊള്ള പറഞ്ഞു. 100 മില്യണ്‍ ദിര്‍ഹം സമ്മാനം നേടിയെന്നറിഞ്ഞപ്പോള്‍ താന്‍ സ്തബ്ധനായിപ്പോയെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
”യുഎഇ ലോട്ടറിയില്‍ നിന്ന് എനിക്ക് ഒരു കോള്‍ ലഭിച്ചപ്പോള്‍, അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സന്ദേശം ആവര്‍ത്തിക്കാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അത് ഉള്‍ക്കൊള്ളാന്‍ സമയമെടുത്തു”
ബൊള്ള തന്റെ ഭാഗ്യത്തിന് അമ്മയുടെ സ്വാധീനമുണ്ടായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. അമ്മയുടെ ജന്മദിനം വന്ന 11-ാം മാസം ഉള്‍പ്പെടുത്തി തിരഞ്ഞെടുത്ത നമ്പറുകളാണ് ബൊള്ളയെ ഈ ചരിത്ര വിജയത്തിലേക്ക് എത്തിച്ചത്.


