02
Mar 2024
Sat
02 Mar 2024 Sat
umbrella sharing network pilot project at dubai

ദുബയ്: അപ്രതീക്ഷിതമായൊരു മഴ പെയ്താല്‍ ദുബയ് നിവാസികള്‍ക്ക് ഇനി പേടിക്കേണ്ട. നോള്‍ കാര്‍ഡുകളുപയോഗിച്ച് സൗജന്യമായി കുട ഉപയോഗിക്കുന്നതിനുള്ള അവസരമൊരുക്കി ദുബയ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആര്‍ടിഎ). ശനിയാഴ്ചയാണ് ആര്‍ടിഎ സൗജന്യ കുട ഉപയോഗ സേവനം പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അല്‍ ഗുലൈബ ബസ്, മെട്രോ സ്‌റ്റേഷനിലാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാവുക. മൂന്നുമാസത്തേക്ക് പരീക്ഷാടിസ്ഥാനത്തിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതിനു ശേഷം പദ്ധതി വിലയിരുത്തിയ ശേഷം കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുകയെന്ന് ആര്‍ടിഎയ്ക്കു കീഴിലുള്ള പൊതു ഗതാഗത ഏജന്‍സി ഡയറക്ടര്‍ ഖാലിദ് അല്‍ അവാധി പറഞ്ഞു.

അല്‍ ഗുലൈബ ബസ് സ്റ്റേഷനില്‍ കുടകള്‍ സൂക്ഷിച്ചിരിക്കുന്ന അമ്പ്രാ സിറ്റി കുട പങ്കുവയ്ക്കല്‍ ശൃംഖലയെന്ന പേരില്‍ പെട്ടിയും അതിനോടു ചേര്‍ന്ന് ഒരു സ്‌ക്രീനും യാത്രികര്‍ക്കു കാണാനാവും. ഈ സ്‌ക്രീനില്‍ നോള്‍ കാര്‍ഡ് ടാപ് ചെയ്താല്‍ കുട ലഭിക്കും. 20 മിനിറ്റ് നേരത്തേക്കാണ് കുട ഉപയോഗിക്കാനാവു. ഇതിനു ശേഷം കുട തിരികെ വയ്ക്കണം. കനേഡിയന്‍ കമ്പനിയായ അമ്പ്ര സിറ്റിയുമായി സഹകരിച്ചാണ് ആര്‍ടിഎ പദ്ധതി നടപ്പാക്കുന്നത്. കാല്‍നടയാത്രികര്‍ക്ക് വെയിലില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷണം നേടുന്നതിനാണ് പദ്ധതി.