ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി
|
ന്യൂയോര്‍ക്ക്: ഫലസ്തീനില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പെട്ട് യു.എന്‍ പൊതുസഭ പ്രമേയം പാസാക്കി. 193 അംഗ യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് വെടിനിര്‍ത്തല്‍ പ്രമേയം പാസായത്. ഇന്ത്യയുള്‍പ്പെടെയുള്ള 153 രാജ്യങ്ങളാണ് വെടിനിര്‍ത്തലിന് വേണ്ടിയുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഓസ്ട്രിയ, പരാഗ്വെ, ചെക് റിപ്പബ്ലിക്, ഗ്വാട്ടിമാല, ലൈബീരിയ, മൈക്രോനേഷ്യ, നൗറു, പാപ്പുവ ന്യൂഗിനിയ എന്നിങ്ങെയുള്ള പത്ത് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് യു.എന്‍ പ്രമേയം പാസാക്കുന്നത്. ഒക്ടോബര്‍ 27ന് 120 രാജ്യങ്ങളുടെ പിന്തുണയില്‍ പ്രമേയം പാസാക്കിയിരുന്നു. അന്ന് ഇന്ത്യ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു.
അതേസമയം, വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള യു.എന്‍ പ്രമേയത്തെ ഹമാസും സ്വാഗതം ചെയ്തു. ഹമാസിന്റെ മുതിര്‍ന്ന നേതാവായ ഇസാത് അല്‍റെഷിഖാണ് പ്രമേയത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. ഇസ്രായേല്‍ തങ്ങളുടെ ജനങ്ങള്‍ക്കെതിരായ വംശഹത്യ ഉടന്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


