US fighter jets downed in Kuwait കുവൈറ്റ് സിറ്റി: ഇറാനുമായുള്ള സായുധ പോരാട്ടത്തിനിടെ അമേരിക്കയുടെ മൂന്ന് എഫ്-15 യുദ്ധവിമാനങ്ങള്‍ തകര്‍ന്നത് കുവൈറ്റ് വ്യോമ പ്രതിരോധ സേനയുടെ പിഴവില്‍. തിങ്കളാഴ്ച നടന്ന കനത്ത പോരാട്ടത്തിനിടെയാണ് സ്വന്തം സഖ്യകക്ഷിയുടെ വിമാനങ്ങള്‍ കുവൈറ്റ് അബദ്ധത്തില്‍ വെടിവെച്ചിട്ടതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) സ്ഥിരീകരിച്ചു.
|
വിമാനങ്ങളിലുണ്ടായിരുന്ന ആറ് ജീവനക്കാരും തകര്‍ന്നു വീഴുന്നതിന് മുന്‍പ് തന്നെ പാരച്യൂട്ട് വഴി പുറത്തേക്ക് ചാടി. ഇവരെ പിന്നീട് രക്ഷപ്പെടുത്തിയതായും നിലവില്‍ എല്ലാവരും സുരക്ഷിതരാണെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
സംഭവിച്ചത് എന്ത്?:
ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിനിടെയാണ് കുവൈറ്റ് സൈന്യത്തിന് ഈ പിഴവ് പറ്റിയത്. കുവൈറ്റിലെ അല്‍ ജഹ്റ മേഖലയിലാണ് വിമാനം തകര്‍ന്നു വീണതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ALSO READ: കുവൈത്തില്‍ തകര്‍ന്ന് വീണത് നിരവധി യുദ്ധവിമാനങ്ങള്‍; അമേരിക്കയ്ക്ക് ഞെട്ടല്‍
സംഭവം കുവൈറ്റ് അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചു.
ദോഹയിലും ദുബായിലും സ്‌ഫോടന ശബ്ദം
ഇറാന്റെ തിരിച്ചടി മൂന്നാം ദിവസവും തുടരുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലുടനീളം യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
തിങ്കളാഴ്ച രാവിലെ ദുബായിലും ഖത്തര്‍ തലസ്ഥാനമായ ദോഹയിലും കനത്ത സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്സാക്ഷികള്‍ അറിയിച്ചു. കുവൈറ്റില്‍ സൈറണുകള്‍ മുഴങ്ങുകയും പലയിടത്തും ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും ചെയ്തു.
യുഎസ് എംബസിയില്‍ പുക
കുവൈറ്റിലെ യുഎസ് എംബസിക്ക് സമീപം പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഡ്രോണ്‍, മിസൈല്‍ ആക്രമണ സാധ്യത മുന്‍നിര്‍ത്തി എംബസി ഉദ്യോഗസ്ഥരോടും പൗരന്മാരോടും വീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കി.
കുവൈറ്റിലെ റുമൈത്തിയ, സല്‍വ മേഖലകള്‍ ലക്ഷ്യമാക്കി വന്ന ഭൂരിഭാഗം ഡ്രോണുകളെയും തകര്‍ക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തിന് പകരമായി മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിമാനത്താവളങ്ങളെയും വ്യാപാര കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണം ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതത്തെയും കച്ചവടത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.


