ഇറാനിലെ അമേരിക്കന്‍ ആക്രമണത്തോട് മുഖംതിരിച്ച് യുഎസ് ജനത. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇറാനിലെ ഏകപക്ഷീയമായ ഇസ്രായേല്‍-യുഎസ് സൈനിക ആക്രമണത്തെ അമേരിക്കക്കാരില്‍ നാലില്‍ ഒരാള്‍ മാത്രമേ അംഗീകരിക്കുന്നുള്ളൂവെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു.
|
സര്‍വെയില്‍ പങ്കെടുത്ത 43 ശതമാനം അമേരിക്കക്കാരും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തെ വിമര്‍ശിക്കുന്നു. ഇറാനെതിരായ ആക്രമണത്തെ ഇവര്‍ അംഗീകരിക്കുന്നില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. ബാക്കിയുള്ളതില്‍ 29 ശതമാനം ആളുകള്‍ക്ക് ഇതില്‍ വ്യക്തമായ അഭിപ്രായമില്ല.
യുഎസ് നീക്കത്തെ ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തമായി പിന്തുണക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നതെങ്കിലും അത് ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് സര്‍വേ ഫലം.
ALSO READ: കുവൈത്തിന്റെ ആകാശത്ത് അമേരിക്കന്‍ യുദ്ധവിമാനം തകര്‍ത്ത് ഇറാന്‍ (Video)
55 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ യുഎസ് നടത്തിയ ആക്രമണത്തെ പിന്തുണക്കുമ്പോള്‍ 13 ശതമാനം അതിനെ പിന്തുണക്കുന്നില്ലെന്നും 32 ശതമാനം പേര്‍ക്ക് പ്രത്യേകിച്ച് അഭിപ്രായങ്ങളില്ലെന്നും സര്‍വേ ഫലത്തില്‍ പറയുന്നു.
മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍, ഏകദേശം 42 ശതമാനം റിപ്പബ്ലിക്കന്‍ന്മാരും ഈ ഓപ്പറേഷനെ പിന്തുണയ്ക്കാനുള്ള സാധ്യത കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അമേരിക്കയില്‍ ഗ്യാസ്, എണ്ണ വില വര്‍ധിച്ചാലും ഇറാനെതിരായ നീക്കത്തെ പിന്തുണക്കുന്നതില്‍ നിന്ന് ജനം പിന്മാറുമെന്ന് സര്‍വെ ഫലം വ്യക്തമാക്കുന്നു. 45 ശതമാനം അമേരിക്കക്കാരും 34 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഇത്തരമൊരു സാഹചര്യത്തില്‍ ട്രംപിന്റെ തീരുമാനത്തിനെതിരെ തിരിയുമെന്നാണ് ഫലം വ്യക്തമാക്കുന്നത്.
74 ശതമാനം ഡെമോക്രാറ്റുകളും ഇറാനെതിരായ യുഎസ് ആക്രമണത്തെ എതിര്‍ക്കുന്നവരാണ്. ഏഴ് ശതമാനം മാത്രമാണ് ഇതിനെ അംഗീകരിക്കുന്നത്, 19 ശതമാനം ഡെമോക്രാറ്റുകള്‍ക്ക് ഇതേ കുറിച്ച് അഭിപ്രായങ്ങളില്ല.
അമേരിക്കയില്‍ പ്രതിഷേധം
അതേസമയം ഇറാനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ ജനം തെരുവിലിറങ്ങിയിരുന്നു. ടൈംസ് സ്‌ക്വയര്‍, വാഷിംങ്ടണ്‍, ചിക്കാഗോ, ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, ലോസ് അഞ്ചല്‍സ്, മിയാമി, മിനിയാ പൊളിസ്, അറ്റ്ലാന്റ തുടങ്ങി വിവിധ അമേരിക്കന്‍ നഗരങ്ങളിലാണ് അനേകായിരങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്. ആക്രമണങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിന് പകരം അമേരിക്ക അത് വിദ്യാഭ്യാസ മേഖലയിലോ ആഭ്യന്തര വളര്‍ച്ചയ്ക്കോ വിനിയോഗിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ഭരണകൂടത്തിന്റെ അനുമതിയോടെ അല്ല ട്രംപിന്റെ നീക്കമെന്നും അദ്ദേഹം സ്വന്തം നിലയിലാണ് ഇതിനെല്ലാം ഇറങ്ങിപ്പുറപ്പെടുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. യുഎസിന്റെ സൈനിക ഇടപെടലിനെ വിമര്‍ശിച്ച പ്രതിഷേധക്കാര്‍, രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിലേക്ക് നയിക്കാനാണ് ട്രംപിന്റെ നീക്കമെന്നും വിമര്‍ശിച്ചിരുന്നു. ട്രംപിനെതിരെ മുദ്രാവാക്യം വിളിച്ചും യുദ്ധവെറിക്കെതിരെ പ്ലക്കാര്‍ഡുകള്‍ പിടിച്ചുമായിരുന്നു പ്രതിഷേധം.





