കോഴിക്കോട്: പ്രമുഖ മലയാളം വാര്‍ത്താ അവതാരകന്മാരില്‍ ഒരാളായ വേണു ബാലകൃഷ്ണന്‍ മീഡിയ വണ്ണിലേക്ക് ചേക്കേറുന്നു.(Venu Balakrishnan to Media One) ട്വന്റി ഫോര്‍ ന്യൂസിലെ മുന്‍നിര അവതാരകനായ വേണു മീഡിയാ വണ്‍ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്ററായാണ് ചുമതലയേല്‍ക്കുന്നത്. ട്വന്റി ഫോറില്‍ നിന്ന് ഇറങ്ങുന്ന വേണു അടുത്ത ആഴ്ച കോഴിക്കോട് മീഡിയാ വണ്‍ ആസ്ഥാനത്ത് എത്തി ജോലിയില്‍ പ്രവേശിക്കും.
|
മാതൃഭൂമിയില്‍ കത്തിനില്‍ക്കുന്ന കാലത്ത് സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചു എന്ന ആരോപണത്തിന്റെ പേരില്‍ അദ്ദേഹം പുറത്താക്കപ്പെടുകയായിരുന്നു. മാതൃഭൂമി ന്യൂസില്‍ ഡപ്യൂട്ടി എഡിറ്ററായിരുന്നു വേണു.
തുടര്‍ന്ന് പ്രമുഖ സിനിമാ നിര്‍മാണ കമ്പനിയായ ഗുഡ്വില്‍ ആരംഭിച്ച യൂടോക്ക് ഡിജിറ്റലില്‍ അദേഹം സജീവമായിരുന്നു. എന്നാല്‍, ചാനലിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് സഹോദരനായ ഉണ്ണി ബാലകൃഷ്ണനോടൊപ്പം അദേഹവും രാജിവെച്ച് ഇറങ്ങിയിരുന്നു. തുടര്‍ന്നാണ് 24 ചാനലില്‍ ജോലിയില്‍ പ്രവേശിച്ചത്.
ഗൗരവകരമായ വാര്‍ത്താവതരണരീതിയും ആഴത്തിലുള്ള വിശകലനവും കൈമുതലായുള്ള വേണുവിന്റെ വരവ് മീഡിയ വണിന് ഗുണകരമാകും.
വാര്‍ത്താ ബുള്ളറ്റിന്‍ രീതി ഉപേക്ഷിച്ച് ന്യൂസ് ഷോകളിലേക്ക് ചുവട് മാറ്റിയ വാര്‍ത്താ ചാനലുകളുടെ ധാരയിലൂടെയല്ല മീഡിയാ വണിന്റെ പോക്ക്. ഇപ്പോഴും പരമ്പരാഗത ശൈലിയില്‍ തന്നെ വാര്‍ത്താ പ്രക്ഷേപണം നടത്തുന്ന മീഡിയാ വണ്‍ ഗൗരവമുള്ള ശൈലിയിലേക്ക് മാറിയാല്‍ വാര്‍ത്തകളെ സീരിയസായി കാണുന്ന പ്രേക്ഷകരെ ആകര്‍ഷിക്കാനാവും.
വാര്‍ത്താ അവതരണത്തെ പൈങ്കിളിവല്‍ക്കരിച്ച ട്വന്റി ഫോറിന്റെ രീതികളോട് ഇഴുകി ചേരാന്‍ വേണുവിന് കഴിഞ്ഞില്ല. ഇതാണ് ട്വന്റി ഫോര്‍ വിടാനുളള കാരണമെന്നാണ് സൂചന. ട്വന്റിഫോറില്‍ കാര്യമായി ശ്രദ്ധ നേടാന്‍ വേണുവിന് സാധിച്ചിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, റിപോര്‍ട്ടര്‍ ടിവി, മാതൃഭൂമി ന്യൂസ്, 24 ന്യൂസ് തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് വേണു മീഡിയ വണ്ണിലെത്തുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





