പാലക്കാട്: പാലക്കാട്ടെ സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (VHP).
നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം ആണ് തടഞ്ഞത്. സ്‌കൂളിലെത്തിയ വി.എച്ച്.പിക്കാര്‍ ആഘോഷം നടത്തിയതിന്റെ പേരില്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുകയുംചെയ്തു. സംഭവത്തില്‍ വിശ്വഹിന്ദുപരിഷത്ത് ജില്ലാ ഭാരവാഹി ഉള്‍പ്പെടെ മൂന്നുപേര്‍ ആണ് അറസ്റ്റിലായത്.
|
വിശ്വഹിന്ദുപരിഷത്ത് ജില്ലാസെക്രട്ടറി നല്ലേപ്പിള്ളി വടക്കന്തറ കെ. അനില്‍കുമാര്‍ (52), ബജരംഗ്ദള്‍ ജില്ലാ സംയോജക് തെക്കേദേശം കറുത്തേടത്തുകളം വി. സുശാസനന്‍ (52), വിശ്വഹിന്ദുപരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തെക്കുമുറി കെ. വേലായുധന്‍ (58) എന്നിവരെയാണ് ശനിയാഴ്ച ചിറ്റൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. നല്ലേപ്പിള്ളി ഗവ. യു.പി. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ സ്‌കൂളിലെത്തിയ മൂവര്‍സംഘം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വസ്ത്രധാരണത്തെ ചോദ്യംചെയ്താണ് അതിക്രമം കാണിച്ചത്. വിദ്യാര്‍ഥികളുടെമുന്‍പില്‍വെച്ച് അധ്യാപകരെ അസഭ്യം പറയുകയുംചെയ്തു. ഇവിടെ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാല്‍ മതിയെന്നും ക്രിസ്മസ് വേണ്ടെന്നും വി.എച്ച്.പിക്കാര്‍ വിളിച്ചു പറഞ്ഞു.
സ്‌കൂളധികൃതര്‍ ചിറ്റൂര്‍ പോലീസിനുനല്‍കിയ പരാതിയിലാണ് നടപടി. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ചെയ്ത് ചിറ്റൂര്‍ സബ്ജയിലിലേക്ക് മാറ്റി.
VHP stops Christmas celebrations at Palakkad school


