24
Aug 2024
Fri
24 Aug 2024 Fri
Wayanad Landslide rescue workers

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൽപ്പറ്റ : കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടലിൽ ഇനിയും തിരിച്ചറിയാൻ കഴിയാതെ 74 മൃതദേഹങ്ങൾ. ഇവരുടെ ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

അവശ്യസാധനങ്ങൾ ഇനി എത്തിക്കേണ്ടതില്ല

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കാനായി തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റിലെ കളക്ഷന്‍ സെന്ററിലേക്ക് സാധനങ്ങള്‍ ഇനി എത്തിക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പര്യാപ്തമായ അളവില്‍ സാധനങ്ങള്‍ എത്തിയിട്ടുണ്ട്. ഇനിയും സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കണമെന്നും കളക്ടര്‍ അറിയിച്ചു.

വീടിനുള്ളില്‍ ഒറ്റപ്പെട്ട നാലുപേരെ കണ്ടെത്തി

രക്ഷാപ്രവർത്തനത്തിനിടെ വീടിനുള്ളില്‍ ഒറ്റപ്പെട്ട നാലുപേരെ കണ്ടെത്തി. ജോണി, എബ്രഹാം, ക്രിസ്റ്റി, ജോമോള്‍ എന്നിവരെയാണ് കണ്ടെത്തിയത്. ഇതില്‍ ഒരു സ്ത്രീയുടെ കാലിന് പരിക്കുണ്ടു. പടവെട്ടിക്കുന്നില്‍ നിന്നാണ് നാലുപേരെ കണ്ടെത്തിയത്. ഇവരെ ഹെലികോപ്റ്ററില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതായി സൈന്യം അറിയിച്ചു. ഓപ്പറേഷന്റെ നാലാം ദിനമാണ് ഇവരെ കണ്ടെത്തയിയത്.

മരണം 316; കാണാനില്ലാത്തവർ 298

മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി. 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറിൽനിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്. സൈന്യം നിർമിച്ച ബെയ്‌ലി പാലം പ്രവർത്തന സജ്ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലാകും.

സൈന്യവും എൻഡിആർഎഫും സംസ്ഥാന സർക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചിൽ നടത്തുന്നത്. കാണാതായവരിൽ 29 പേർ കുട്ടികളാണ്. വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ 2328 ആളുകളാണ് കഴിയുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക