|
മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 270 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 240 ഓളം പേര്‍ ഇപ്പോഴും കാണാമറയത്താണ്. ദുരന്തമുണ്ടായി മൂന്നാംദിവസമായ ഇന്നും തിരച്ചില്‍ പുരോഗമിക്കുകയാണ്. മുണ്ടക്കൈയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി ഇതുവരെ 98 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 75 മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയായി ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നുണ്ട്.
താത്കാലിക പാലം മുങ്ങി
ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിര്‍മ്മിച്ച താത്കാലിക പാലം മുങ്ങി. പ്രവര്‍ത്തകര്‍ വടം ഉപയോഗിച്ച് മറുകരയിലേക്ക് മാറുകയായിരുന്നു.
അട്ടമലയില്‍ ഇന്ന് ആവശ്യത്തിന് ആളെ എത്തിക്കും
അട്ടമല ഉള്‍പ്പെടെ അഞ്ച് പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചിലെന്ന് മന്ത്രി കെ രാജന്‍. റിപ്പോര്‍ട്ടറിലൂടെ പഞ്ചായത്ത് മെമ്പര്‍ നൂറുദ്ധീന്‍ ഭക്ഷണം ആവശ്യപ്പെട്ട ഇടത്തേക്ക് ഭക്ഷണമെത്തിച്ചു. വിലപ്പെട്ട വസ്തുക്കള്‍ അതാത് ആളുകളെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കും. രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും കെ രാജന്‍ പറഞ്ഞു.
ബെയ്‌ലി പാലം ഉച്ചയോടെ പൂര്‍ത്തിയാകും
കാലാവസ്ഥ പ്രതികൂലമാകും മുന്നേ ബെയ്‌ലി പാലം പണി പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സൈന്യം. രാത്രി വൈകിയും സൈന്യം പാലം നിര്‍മാണത്തിലായിരുന്നു. ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമാണ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിച്ചത്. ഡല്‍ഹിയില്‍നിന്ന് വ്യോമസേന വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച പാലം നിര്‍മാണ ഉപകരണങ്ങള്‍ 17 ട്രക്കുകളിലായാണ് മുണ്ടക്കൈയിലേക്കു മാറ്റിയത്. പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി) ക്യാപ്റ്റന്‍ പുരന്‍സിങ് നഥാവത് ബെയിലി പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. 190 അടി നീളത്തിലാണ് പാലം നിര്‍മിക്കുന്നത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ ചൂരല്‍മലയിലെത്തിക്കാനാവും.
പണി ഉച്ചയോടെ പൂര്‍ത്തിയാകുമെന്ന് ആര്‍മി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് ഹൈ ആള്‍ട്ടിറ്റിയൂഡ് ടീം
പ്രത്യേക പരിശീലനം നേടിയ കേരള പൊലീസിന്റെ ഹൈ ആള്‍ട്ടിറ്റിയൂഡ് ടീം മുണ്ടക്കൈയില്‍. പെട്ടിമുടി ദുരന്തത്തിന് ശേഷമാണ് ഹൈ ആള്‍ട്ടിറ്റിയൂഡ് ടീം രൂപീകരിക്കുന്നത്.
മുഖ്യമന്ത്രി വയനാട്ടിലേക്ക്
മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചു. കോഴിക്കോട് നിന്ന് ഹെലി കോപ്റ്ററില്‍ ബത്തേരിയില്‍ ഇറങ്ങും. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഒപ്പമുണ്ട്. 11.30ന് സര്‍വകക്ഷി യോഗം ചേരും.
ചൂരല്‍മലയില്‍ തിരച്ചില്‍
ചൂരല്‍മല വില്ലേജ് ഓഫീസിന് സമീപത്തെ തിരച്ചില്‍ തുടങ്ങുന്നു. ജെസിബി അടക്കമുള്ളവ എത്തിച്ചു. സ്‌നിഫര്‍ ഡോഗ്, ഡ്രോണ്‍ എന്നിവ ഉപയോഗിച്ചാണ് തിരച്ചില്‍.
രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്‍
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോണ്‍?ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കും. രാവിലെ 9.45 ന് ഇരുവരും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. 12 മണിയോടെ ഇവര്‍ കല്‍പ്പറ്റയിലെത്തും. മേപ്പാടിയിലെ ക്യാമ്പുകളും പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും ഇരുവരും സന്ദര്‍ശിക്കും.
ഇന്നലെ വയനാട്ടിലെത്താനായിരുന്നു ജില്ലയിലെ മുന്‍ എംപി കൂടിയായ രാഹുല്‍?ഗാന്ധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയായതിനാല്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് യാത്ര ഇന്നത്തേക്ക് ഷെഡ്യൂള്‍ ചെയ്യുക ആയിരുന്നൂ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





