28
Nov 2023
Wed
28 Nov 2023 Wed

കേരളത്തില്‍ നാളെ മഴ ശക്തിപ്രാപിക്കും, മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

വെള്ളിയാഴ്ചയും ശക്തമായ മഴ തുടരും. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി നില നിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് വ്യാഴാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് പിന്നീടുള്ള 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തെക്കന്‍ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. തെക്കു കിഴക്കന്‍ അറബിക്കടല്‍ മുതല്‍ വടക്കന്‍ മഹാരാഷ്ട്ര വരെ ഒരു ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെയെല്ലാം സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത നാലുദിവസം ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.