26
May 2024
Thu
26 May 2024 Thu

കൊച്ചി: കേരളത്തിൽ നിർത്താതെ പെയ്തു മഴ. മഴ കനത്തതോടെ പരക്കെ നാശനഷ്ടവും റിപോർട്ട് ചെയ്തു. നിർത്താതെ പെയ്യുന്ന മഴ എറണാകുളം, കോഴിക്കോട്, തൃശൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ദുരിതം വിതയ്ക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡുകളിലും അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിലും വെള്ളം കയറി. കൂടാതെ കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ സീലിംഗിൻ്റെ ഒരു ഭാഗം അടർന്ന് വീണു. രാത്രി 8:30 യോടെയായിരുന്നു സംഭവത്തിൽ തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. വിവിധയിടങ്ങളിൽ മതിലുകൾ. ഇടിഞ്ഞും മരങ്ങൾ കട പുഴകിയും നഷ്ടങ്ങൾ ഉണ്ടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. കോഴിക്കോട് മതിൽ തകർന്നുവീണും തെങ്ങ് വീണും രണ്ട് പേർക്ക് പരിക്കേറ്റു. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തിൽ മുങ്ങി.

അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരും. എന്നാൽ വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിതീവ്ര മഴക്ക് ഇന്ന് ശമനമുണ്ടായേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കടലിൽ പോകുന്നതിനും വിലക്ക് ഏർപ്പെടുത്തി.

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് നിലവിലെ കാലാവസ്ഥ പ്രവചനം.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. മുന്നറിയിപ്പ് കർശനമായി പാലിക്കണം എന്നും അധികൃതർ അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക