കാനഡയിലെത്തി ഒരാഴ്ചയ്ക്കു ശേഷം ഭാര്യയെ കുത്തിക്കൊന്ന് മൃതദേഹം ഇന്ത്യയിലുള്ള അമ്മയെ വീഡിയോ കോളില്‍ കാണിച്ച് 50കാരനായ ഭര്‍ത്താവ്. ലുഥിയാന സ്വദേശി ജഗ്പ്രീത് സിങ് എന്ന രാജു ആണ് ഭാര്യ ബല്‍വീന്ദര്‍ കൗറി(41)നെ കുത്തിക്കൊന്നത്.ഭാര്യയെ എന്നന്നേക്കും ഉറക്കിയെന്നായിരുന്നു ജഗ്പ്രീത് അമ്മയോടു പറഞ്ഞത്.(week after reaching Canada 50 year man stabs wife to death video calls mother to show her body)
|
ബല്‍വീന്ദര്‍ കൗര്‍ കാനഡയില്‍ ജോലിക്കു പോയതിനു പിന്നാലെ തനിക്കും അവിടെ എത്തണമെന്ന തിടുക്കം ജഗ്പ്രീത് സിങ്ങിനുണ്ടായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇയാള്‍ ഭാര്യയെ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഭാര്യ കാനഡയില്‍ ജോലി ചെയ്യുന്നതിനാല്‍ ലുഥിയാനയിലുള്ള ജഗ്പ്രീത് ജോലിക്കുപോവാതെ വീട്ടില്‍ ഇരിക്കുകയായിരുന്നു. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുകയും ചെയ്തിട്ടുണ്ട്.
അടുത്തിടെ ജഗ്പ്രീതിന് കാനഡയിലെത്താനുള്ള നടപടികള്‍ ബല്‍വീന്ദര്‍ കൗര്‍ പൂര്‍ത്തിയാക്കുകയും ഇയാള്‍ കാനഡയിലെത്തുകയും ചെയ്തു. അബോട്ട്‌സ്‌ഫോര്‍ഡിലെ വീട്ടിലെത്തി ഒരാഴ്ച പിന്നിട്ടതോടെ മാര്‍ച്ച് 15ന് രാത്രി ഇയാള്‍ ഭാര്യയെ കുത്തിവീഴ്ത്തുകയായിരുന്നു. ആക്രമണവിവരമറിഞ്ഞ് അബോട്ട്‌ഫോര്‍ഡ് പൊലീസ് എത്തുമ്പോഴേക്കും ബല്‍വീന്ദര്‍ കൗര്‍ ഗുരുതരാവസ്ഥയിലായിരുന്നു. പ്രഥമശുശ്രൂഷ നല്‍കുമ്പോഴേക്കും യുവതി മരിച്ചിരുന്നു. ജഗ്പ്രീതിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2000ലാണ് ഇരുവരും വിവാഹിതരായതെന്നും 22 വയസ്സുള്ള മകളും 18 വയസ്സുള്ള മകനും ദമ്പതികള്‍ക്കുണ്ടെന്നും ബല്‍വീന്ദര്‍ കൗറിന്റെ പിതാവ് ഹിമ്മന്ത് സിങ് പറഞ്ഞു. ഹിമ്മന്ത് സിങ്ങിന്റെ നാല് പെണ്‍മക്കളില്‍ ഒരാളാണ് ബല്‍വീന്ദര്‍ കൗര്‍.
നാലുവര്‍ഷം മുമ്പ് ബല്‍വീന്ദറിന്റെ മകള്‍ കാനഡയിലേക്ക് സ്റ്റുഡന്റ് വിസയില്‍ പോയിരുന്നു. ഇവിടെയെത്തിയ മകള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതോടെയാണ് ശുശ്രൂഷിക്കാനായി ബല്‍വീന്ദറും കാനഡയിലേക്ക് പോയത്. അവിടെയെത്തി കടയില്‍ ജോലി നോക്കിയാണ് ബല്‍വീന്ദര്‍ നാട്ടിലേക്ക് പണമയച്ചിരുന്നത്. ഇതോടെ ജഗ്പ്രീത് തന്റെ ഡ്രൈവിങ് ജോലി നിര്‍ത്തുകയും വീട്ടില്‍ വെറുതെയിരിക്കുകയുമായിരുന്നു. ഇതിനിടെയാണ് തനിക്കും കാനഡയിലേക്ക് വരണമെന്ന ആവശ്യം ഇയാള്‍ ഉയര്‍ത്തിത്തുടങ്ങിയതെന്ന് ബല്‍വീന്ദറിന്റെ പിതാവ് പറഞ്ഞു.


