08
Oct 2023
Thu
08 Oct 2023 Thu

വാട്‌സ്ആപ്പില്‍ പുതിയൊരു സുരക്ഷാ ഫീച്ചര്‍: ഇനി പാസ് വേഡ് വേണ്ട, അതിവേഗം സുരക്ഷിതമായി ലോഗിന്‍ ചെയ്യാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ലോഗിന്‍ ചെയ്യുന്നത് കൂടുതല്‍ സുരക്ഷിതമാക്കാന്‍ പാസ്‌കീ ഓപ്ഷനുമായി പുതിയൊരു സുരക്ഷാ ഫീച്ചര്‍ ഒരുക്കി വാട്‌സ്ആപ്പ്. നിലവില്‍ സുരക്ഷയ്ക്കായി ടു ഫാക്ടര്‍ എസ്എംഎസ് ഓതന്റിക്കേഷനെയാണ് ഉപയോക്താക്കള്‍ ആശ്രയിക്കുന്നത്. ഇതില്‍ സുരക്ഷാവീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാസ്‌കീ ഓപ്ഷന്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് തീരുമാനിച്ചത്.

കൂടാതെ ടു ഫാക്ടര്‍ എസ്എംഎസ് ഓതന്റിക്കേഷന്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് ലോഗിന്‍ ചെയ്യുന്നതിന് ഒരുപാട് സമയമെടുക്കുന്നത് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനും കൂടിയാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കായായി പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവരുന്നത്.

മുഖം, ഫിംഗര്‍ പ്രിന്റ്, പിന്‍ എന്നിവ ഉപയോഗിച്ച് മാത്രം എളുപ്പത്തിലും സുരക്ഷിതമായും വാട്‌സ്ആപ്പ് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് വാട്‌സ്ആപ്പ് തീരുമാനിച്ചത്. ആഴ്ചകള്‍ക്കകം പടിപടിയായി ഇത് എല്ലാവരിലേക്കും എത്തിക്കുമെന്നാണ് പറയുന്നത്. നിലവിലെ പാസ് വേര്‍ഡ് രീതിയെ അപേക്ഷിച്ച് 40 ശതമാനം വേഗത്തില്‍ പാസ്‌കീ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് അവകാശവാദം.

ആന്‍ഡ്രോയിഡിലും വെബിലും പാസ്‌കീകള്‍ക്കുള്ള സപ്പോര്‍ട്ട് അവതരിപ്പിച്ച് തങ്ങളുടെ സര്‍വ്വീസുകളില്‍ ഉടനീളം പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ പദ്ധതിയിടുകയാണ് എന്ന് ഗൂഗിള്‍ വെളിപ്പെടുത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡിലെ പാസ്‌കീകള്‍ക്കുള്ള സപ്പോര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള ഫിംഗര്‍പ്രിന്റ് ലോക്ക് ഓപ്ഷന്‍ തുടര്‍ന്നും ലഭ്യമാകുമെന്നും ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ നമ്പര്‍ നല്‍കി ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാമെന്നും വാട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക