Who is the owner of Big TV malayalam channel? മലയാളം വാര്‍ത്താ ചാനലുകളുടെ കൂട്ടത്തിലേക്ക് പുതിയ ഒരു ചാനല്‍ കൂടി വരാനൊരുങ്ങുകയാണ്. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ അരിയൂരിന്റെ നേതൃത്വത്തിലുളള ബിഗ് ടിവിയാണ് വമ്പന്‍ ലോഞ്ചിന് ഒരുങ്ങുന്നത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഗ് ടിവി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന.
|
കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് തന്ത്രപരമായ നീക്കങ്ങളിലൂടെയും വിപ്ലവകരമായ മാറ്റങ്ങളിലൂടെയും ശ്രദ്ധേയനായ വ്യക്തിയാണ് അനില്‍ അയിരൂര്‍. പൂട്ടലിന്റെ വക്കിലെത്തിയ ചാനലുകളെപ്പോലും റേറ്റിങ്ങില്‍ മുന്‍നിരയിലെത്തിച്ച അദ്ദേഹത്തിന്റെ മാന്ത്രികസ്പര്‍ശം ഇപ്പോള്‍ ‘ബിഗ് ടിവി (Big TV) മലയാളം’ എന്ന പുതിയ സംരംഭത്തിലേക്കാണ് നീങ്ങുന്നത്. കേരളത്തിലെ പ്രമുഖ ചാനലുകളില്‍ നിന്നും ഒന്നാംനിര മാധ്യമപ്രവര്‍ത്തകര്‍ ബിഗ് ടിവിയിലേക്ക് കൂട്ടത്തോടെ ചേക്കേറുന്നത് മാധ്യമലോകത്ത് വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.
പ്രമുഖ മാധ്യമപ്രവര്‍ത്തകയായ സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് രാജി വെച്ച് ബിഗ് ടിവിക്കൊപ്പം ചേരുകയാണ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പദവിയിലായിരുന്ന സുജയ പാര്‍വ്വതി ബിഗ് ടിവിയുടെ കീ പോസ്റ്റില്‍ ഉണ്ടാവും എന്നാ
റിയുന്നത്. സുജയ പാര്‍വതിയെ കൂടാതെ മലപ്പുറം റിപോര്‍ട്ടര്‍ അഷ്‌കര്‍ അലി കരിമ്പ, കോഴിക്കോട് ബ്യൂറോയിലെ റിപോര്‍ട്ടര്‍മാരായ ദീപക് മലയമ്മ, സാനിയോ മനോമി, കൊച്ചി ബ്യൂറോയിലെ റിപോര്‍ട്ടര്‍ അലി അക്ബര്‍, കൊല്ലം ബ്യൂറോയിലെ റിപോര്‍ട്ടര്‍ ദിലീപ് ദേവസ്യ, ന്യൂസ് ഡസ്‌കില്‍ നിന്ന് ആര്യാ സുരേന്ദ്രന്‍ എന്നിവരാണ് രാജി വെച്ചത്.
മീഡിയാ വണ്‍ ചാനലിലെ മുന്‍നിര അവതാരകനായ അജിംസും ബിഗ് ടിവിയുടെ ഭാഗമായേക്കും എന്നാണ് സൂചന. ചാനല്‍ ചര്‍ച്ചകളിലൂടെയും ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയിലൂടെയും പ്രേക്ഷകര്‍ക്ക് അജിംസ് ചിരപരിചിതനാണ്. ന്യൂസ് മലയാളം 24-ല്‍ നിന്ന് ലക്ഷ്മി പദ്മ, ന്യൂസ് 18 കേരളത്തില്‍ നിന്ന് അപര്‍ണ കുറുപ്പ്, റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് ദീപക് മലയമ്മ, ആര്യ സുരേന്ദ്രന്‍, അപര്‍ണ കാര്‍ത്തിക എന്നിവരും ബിഗ് ടിവിയിലേക്ക് പോകുന്നരുടെ കൂട്ടത്തിലുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ച് ലക്ഷ്മി പദ്മ ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി തുടങ്ങിയവയിലും ഒടുവിലും മീഡിയ വണ്ണിലും പ്രവര്‍ത്തിച്ച വേണു ബാലകൃഷ്ണനും ബിഗ് ടിവിയുടെ ഭാഗമാവും. ട്വന്റി ഫോറിലെ പ്രമുഖ അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിം ഉള്‍പ്പെടെയുള്ളവരും ബിഗ് ടിവിയുടെ റഡാറിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാനലുകളെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച അമരക്കാരന്‍
ഏഷ്യാനെറ്റില്‍ കരിയര്‍ ആരംഭിച്ച് മലയാളത്തിലെ മുന്‍നിര ചാനലുകളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് അനില്‍ അയിരൂര്‍. അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്:
ഫ്‌ലവേഴ്സ് & 24 ന്യൂസ്: ട്വന്റി ഫോര്‍ ന്യൂസ് ലോഞ്ച് ചെയ്യുന്നതിലും ഫ്‌ലവേഴ്‌സ് ടിവിയെ വിനോദരംഗത്ത് മുന്‍നിരയിലെത്തിക്കുന്നതിലും ഗ്രൂപ്പ് സി.ഒ.ഒ (COO) എന്ന നിലയില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
റിപ്പോര്‍ട്ടര്‍ ടിവി: പുതിയ മാനേജ്മെന്റിന് കീഴില്‍ റിപ്പോര്‍ട്ടര്‍ ടിവി റീലോഞ്ച് ചെയ്തപ്പോള്‍ അതിന്റെ പ്രസിഡന്റായി എത്തിയത് അനിലായിരുന്നു. വെറും ഒരു വര്‍ഷം കൊണ്ട് റിപ്പോര്‍ട്ടര്‍ ടിവിയെ റേറ്റിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
സീ കേരളം: റിപ്പോര്‍ട്ടര്‍ വിട്ടതിനുശേഷം ‘സീ കേരളം’ ചാനലിന്റെ ചീഫ് ചാനല്‍ ഓഫീസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്താണ് ബിഗ് ടിവി മലയാളം?
ഹൈദരാബാദ് ആസ്ഥാനമായുള്ള ബിഗ് ടെലിവിഷന്‍ നെറ്റ്വര്‍ക്കിന്റെ മലയാളം വാര്‍ത്താ ചാനലാണ് വരാനിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയായ AR (Augmented Reality), VR (Virtual Reality) എന്നിവയുടെ സഹായത്തോടെ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ ശൈലി കൊണ്ടുവരാനാണ് ചാനല്‍ ലക്ഷ്യമിടുന്നത്.
നിലവില്‍ തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി തെലുങ്കിലാണ് ബിഗ് ടിവി സജീവമായിട്ടുളളത്. തമിഴിലും ബിഗ് ടിവി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ ശൈലിയും ആധുനിക സാങ്കേതികവിദ്യയും ഉറപ്പുനല്‍കും എന്നവകാശപ്പെടുന്ന ബിഗ് ടിവി, തെലങ്കാനയിലെ
പ്രമുഖ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിയുടെ സഹോദരന്മാര്‍ വഴിയാണ് കേരളത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത് എന്നാണ് ലഭ്യമായ വിവരം.
റിപോര്‍ട്ടര്‍ ടിവി ഇടതുപക്ഷ അനുകൂല നിലപാടെടുക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള റെഡ്ഡിമാര്‍ മുന്‍കൈയെടുത്ത് കേരളത്തില്‍ പുതിയ ചാനല്‍ വരുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന. മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നാമാവശേഷമായിക്കൊണ്ടിരിക്കേ ഭരണം പിടിക്കാന്‍ മികച്ചൊരു ചാനല്‍ പിന്തുണ പാര്‍ട്ടിക്ക് ആവശ്യമാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആശീര്‍വാദത്തോട് കൂടിയാണ് പുതിയ ചാനല്‍ വരുന്നതെന്ന അണിയറ സംസാരവുമുണ്ട്.





