29
Jan 2024
Thu
29 Jan 2024 Thu

കൊച്ചി: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ അക്രമങ്ങളുടെ പേരില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതിനിടെ സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. കഴിഞ്ഞദിവസം ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമാകുന്നത്.ഹ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇടുക്കി പീരുമേട്ടിലെ മലമണ്ട മൗണ്ടന്‍ ക്യാപില്‍ നിന്നുള്ള ചിത്രങ്ങളാണ് ബല്‍റാം പങ്കുവച്ചത്. മഞ്ഞ ടീഷര്‍ട്ടും നീല ജീന്‍സും കൂളിംഗ് ഗ്‌ളാസുമൊക്കെയണിഞ്ഞ് കൂട്ടുകാരുമൊത്ത് നല്ല സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ബല്‍റാം പങ്കുവച്ചത്. ‘സുഹൃത്തുക്കള്‍, മലനിരകള്‍, പ്രകൃതി രമണീയത’ എന്ന അടിക്കുറിപ്പും പോസ്റ്റിന് നല്‍കിയിട്ടുണ്ട്. ചിത്രങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് എടുത്തതെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. സുഹൃത്തായ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സമയത്ത് സുഹൃത്തുക്കള്‍ക്കുമൊത്ത് അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചതാണ് വി ടി ബല്‍റാമിനെ വെട്ടിലാക്കിയിരിക്കുന്നത്.

പോസ്റ്റിന് താഴെ രൂക്ഷവിമര്‍ശനങ്ങളും ട്രോളുകളും നിറയുകയാണ്. ‘ഒരുത്തനെ എരികേറ്റി അകത്താക്കിയിട്ട് മലമുകളിലെ വൈബ്, ഈ പോസ്റ്റ് മാങ്കൂട്ടത്തെ ആരും കാണിക്കാതിരിക്കട്ടെ, കൂട്ടത്തിലൊരാളെ അകത്താക്കിയിട്ട് ആഘോഷിക്കുന്നു, കൂട്ടത്തില്‍ ഒരുത്തന്‍ പോലീസ് പൊക്കി ഇടത് വശം ശേഷിയില്ലാതെയും, നട്ടെല്ലില്ലാതെയും ഒക്കെ ജയിലിലെ മൂട്ടകടി കൊണ്ട് കിടക്കുമ്പോഴാണോ സാറേ സര്‍ക്കീട്ട്….. അമ്മക്ക് പ്രസവവേദന മകള്‍ക്ക് വീണവായന എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കിയല്ലോ താങ്കള്‍, ആഘോഷിക്കാന്‍ പറ്റിയ സമയം… പ്രതിഷേധങ്ങള്‍ എല്ലാം സുക്കര്‍ബര്‍ഗ് കണ്ടുപിടിച്ച ഫേസ്ബുക് ഉണ്ടാകുമ്പോള്‍ വലിയ മെനക്കെടുമില്ല ചിലവുമില്ല, രാഹുല്‍ അകത്ത്…ബല്‍റാം ആഘോഷത്ത്, ഇതാ കോണ്‍ഗ്രസ്സ് ഒരു കാലത്തും ഗതിപിടിക്കത്തെ, ലൂസിഫറിലെ ഡയലോഗ് ശെരിവെക്കുന്നതാണോ? ഒരു തട്ട് ഒരു തള്ള് പിന്നെ നേരെ നടന്നു നീങ്ങുക.

കുറച്ചൊക്കെ ഔചിത്യ ബോധം വേണം സാര്‍. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ഉള്ളിലായിട്ട് 24 മണിക്കൂര്‍ കഴിഞ്ഞു , ആര്‍ക്കും ഒരു പ്രശ്‌നവുമില്ല! അതിനുപുറമേ ഇവിടെ പിക്ചര്‍ അപ്ലോഡ് ചെയ്ത് കളിക്കുന്നു! എന്താണിതൊക്കെ?, കൂടെ ഉള്ള ഒരുത്തന്റെ തലമണ്ടയ്ക്ക് അകത്ത് രക്തം കട്ട പിടിച്ചിരിക്കുമ്പോ ആണോ ചേട്ടാ നിങ്ങള്‍ മലമണ്ടയില്‍ അടിച്ച് പൊളിക്കുന്നത്?, ഒരുത്തന്‍ അകത്തു കൊതുകുകടി കൊണ്ട് കിടക്കുന്നു… കൂട്ടത്തിലൊരുത്തന്‍ ടൂര്‍ പോയി രസിക്കുന്നു …. എജ്ജാതി കൂട്ടുകാര്‍.. ‘ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.