26
Feb 2024
Sat
26 Feb 2024 Sat

VIdeo: കാട്ടാനയാക്രമണം: മാനന്തവാടിയില്‍ നിരോധനാജ്ഞ; തെരുവിലിറങ്ങി ജനങ്ങള്‍, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാനന്തവാടി: റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്കു പാഞ്ഞെത്തി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഇളകിമറിഞ്ഞ് മാനന്തവാടി. ഇന്ന് രാവിലെയുണ്ടായ സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പനച്ചിയില്‍ അജി (42) ആണു കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.

കഴിഞ്ഞ നാലുദിവസമായി ഈ ആന വയനാടന്‍ കാടുകളിലും ജനവാസമേഖലകളിലുമുണ്ട്. കേരള വനംവകുപ്പ് ആനയുടെ സഞ്ചാരപഥം നിരീക്ഷിച്ചുവരുന്നതിനിടെയാണു കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ മുട്ടങ്കര മറ്റത്തില്‍ ജിബിന്റെ വീടിന്റെ മതിലും പായിക്കണ്ടത്തില്‍ ജോമോന്റെ വീട് മതിലും കാട്ടാന തകര്‍ത്തു.

ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വനം മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തരയോഗം ചേരുമെന്ന് മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടതായും പ്രദേശത്ത് ജനക്കൂട്ടം തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ കുറെ നാളായി ഉത്കണ്ഠയ്ക്ക് വഴിവെക്കുന്ന വാര്‍ത്തകളാണ് വയനാട് മേഖലയില്‍ നിന്നും ഉണ്ടാകുന്നത്.

വന്യജീവികളുടെ നിരന്തരമായ ആക്രമണത്തിന് വിധേയരായി അവിടത്തെ മനുഷ്യര്‍ കൊല്ലപ്പെടുകയും കൃഷി നശിക്കകുയം ചെയ്തു കൊണ്ടിരിക്കുകയാണ്. വനം വകുപ്പ് സാധ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നത് വസ്തുതതയാണ. ഈ പശ്ചാത്തലത്തില്‍ കുടുതല്‍ നടപടി സ്വീകരിക്കാന്‍ ആവശ്യമായ നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

അജിയുടെ മൃതദേഹം നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍ ഉയര്‍ത്തി ഇവിടെ നാട്ടുകാരുടെ പ്രതിഷേധവും നടക്കുന്നുണ്ട്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ അനുവദിക്കുന്നില്ല. കലക്ടര്‍ നേരിട്ടെത്തി തീരുമാനമെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

wild elephant attack in wayanad one killed protest, curfew