ചെന്നൈ: ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ തമിഴ്‌നാട്ടിലെ സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരന്‍ സ്വയം ഷോക്കേല്‍പ്പിച്ച് മരിച്ചു. തമിഴ്‌നാട് തേനി സ്വദേശി കാര്‍ത്തികേയന്‍ (38) ആണ് മരിച്ചത്. ചെന്നൈക്കടുത്ത് ഓള്‍ഡ് മഹാബലിപുരം റോഡില്‍ താഴമ്പൂരിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരം മുഴുവന്‍ വൈദ്യുതക്കമ്പികള്‍ ചുറ്റിയ നിലയിലായിരുന്നു. ജോലിസമ്മര്‍ദം കാരണം വിഷാദരോഗംവന്ന യുവാവ് രണ്ടു മാസമായി ചികിത്സയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. അമിത ജോലിഭാരത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ച അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുകയും ചെയ്തതിന് പിന്നാലെയാണ് സമാന സംഭവം ചെന്നൈയിലും റിപ്പോര്‍ട്ട്‌ചെയ്തത്.
|
ക്ഷേത്രദര്‍ശനത്തിനുപോയ കാര്‍ത്തികേയന്റെ ഭാര്യ ജയറാണി തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. എട്ടും പത്തും വയസ്സുള്ള മക്കളെ തന്റെ അമ്മയുടെ അടുത്താക്കിയാണ് ജയറാണി ക്ഷേത്രത്തില്‍ പോയത്.
വൈകുന്നേരം ജയറാണി തിരികെയെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തട്ടി വിളിച്ചിട്ടും കാര്‍ത്തികേയന്‍ തുറന്നില്ല. ഇതോടെ സ്‌പെയര്‍ കീ ഉപയോഗിച്ച് ജയറാണി വാതില്‍ തുറന്ന് അകത്തു കയറിയപ്പോഴാണ് ശരീരമാകെ വൈദ്യുതക്കമ്പികള്‍ ചുറ്റിയ നിലയില്‍ കാര്‍ത്തികേയനെ കണ്ടെത്തിയത്. ഉടന്‍ അയല്‍വാസികളെ വിവരമറിയിക്കുകയും അവര്‍ താഴമ്പൂര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി കാര്‍ത്തികേയന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ക്രോംപേട്ട് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
പല്ലാവരത്തെ ഒരു സോഫ്റ്റ്‌വേര്‍ സ്ഥാപനത്തില്‍ 15 വര്‍ഷംമുമ്പാണ് കാര്‍ത്തികേയന്‍ ജോലിക്കുചേര്‍ന്നത്. അടുത്തിടെയായി ജോലിഭാരത്തെക്കുറിച്ച് പരാതിപറയാറുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ജൂലൈ 20 നായിരുന്നു കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി അന്ന സെബാസ്റ്റ്യന്‍ പേരയില്‍ ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് മരിച്ചത്. മകള്‍ മരിച്ചിട്ട് അവളുടെ ശവസംസ്‌കാര ചടങ്ങില്‍ പോലും കമ്പനിയില്‍ നിന്നാരും പങ്കെടുത്തില്ലെന്ന് അമ്മ ആരോപിച്ചിരുന്നു. യുവതിയുടെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ ജനരോഷമുയര്‍ന്നിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
work pressure: Software engineer electrocutes self in Chennai


