ആശുപത്രിക്ക് മേലും ബോംബിട്ട് ഇസ്രായേല്‍; മരണം 500 കവിഞ്ഞു; നടുങ്ങി ലോകം
|
വെസ്റ്റ്ബാങ്ക്: ഗസ്സയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 500 കവിഞ്ഞു. ബാപ്റ്റിസ്റ്റ് ചര്‍ച്ചിനു കീഴിലുള്ള ഗസ്സ സിറ്റിയിലെ അല്‍ അഹ്ലി അല്‍ അറബ് ആശുപത്രിക്ക് നേരെയാണ് ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയതെന്ന് ഗാസ സര്‍ക്കാര്‍ മീഡിയ ഓഫിസ് മേധാവി സലാം മറൂഫ് പറഞ്ഞു. ഇസ്രാഈല്‍ ആക്രമണത്തില്‍ പരിക്കേറ്റ ആയിരക്കണക്കിന് പേര്‍ ചികിത്സ തേടിയ ആശുപത്രിയാണിത്.
ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ്. ആക്രമണത്തില്‍ ഇസ്രായേലിനെ കുറ്റപ്പെടുത്താതെ ട്വിറ്ററില്‍ പ്രതികരിച്ച ഗുട്ടറസ് നൂറുകണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ താന്‍ ഭയന്നുപോയി എന്ന് വ്യക്തമാക്കി. ഇസ്രായേല്‍ സന്ദര്‍ശിക്കാനിരിക്കുന്ന യു.എസ്. പ്രസിഡണ്ട് ജോ ബൈഡന്‍, അല്‍ അഹ്ലി ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തില്‍ സംഭവിച്ചതെന്താണെന്നു വ്യക്തമാക്കാന്‍ യു.എസ് ദേശീയ സുരക്ഷാ സംഘത്തെ ചുമതലപ്പെടുത്തിയതായി അറിയിച്ചു. കാനഡ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.
നേരത്തെ ഗാസയില്‍ഐക്യ രാഷ്ട്രസഭ നടത്തുന്ന അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 6 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ല്യു.എ) ഗാസ മുനമ്പിലെ അല്‍മഗാസി അഭയാര്‍ഥി ക്യാമ്പില്‍ നടത്തുന്ന സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. ആറ് പേര്‍ കൊല്ലപ്പെട്ടതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി സ്ഥിരീകരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





