25
Aug 2024
Sun
25 Aug 2024 Sun

കോട്ടയം: വിവാഹ സർട്ടിഫിക്കറ്റിൽ പേര് തിരുത്താനുള്ള ഓപ്ഷൻ കൊണ്ടുവന്ന് സർക്കാര്. ഗസറ്റില്‍ പേരുമാറ്റിയാല്‍ ഇനി വിവാഹ രജിസ്റ്ററിലെയും സര്‍ട്ടിഫിക്കറ്റിലെയും പേര് തിരുത്താം എന്ന് കോട്ടയം ജില്ലാ തദ്ദേശ അദാലത്തില്‍ മന്ത്രി എം ബി രാജേഷ് ആണ് വ്യക്തമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കറുകച്ചാല്‍ പനയ്ക്കവയലില്‍ പി ഡി സൂരജ് നല്‍കിയ അപേക്ഷയിലാണ് നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന പുതിയ തീരുമാനം. ഇതിനായി ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു.

ഗസറ്റിലെ പേരുമാറ്റമനുസരിച്ച് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും അതിന്റെ അടിസ്ഥാനത്തില്‍ ജനന സര്‍ട്ടിഫിക്കറ്റിലും മാറ്റം വരുത്താന്‍ നിലവില്‍ സൗകര്യമുണ്ട്. എന്നാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഇത് സാധ്യമായിരുന്നില്ല. ഇതിനാണ് ഇപ്പൊൾ തീരുമാനം ആയത്.

പേര് മാറ്റിയതായി കാണിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റിനൊപ്പം ഗസറ്റ് വിജ്ഞാപനം വയ്ക്കുക മാത്രമാണ് ഇതുവരെ ചെയ്തു വരുന്നത്. വിസ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇതുമൂലം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഗസറ്റ് വിജ്ഞാപനത്തിന്റെയും എസ്എസ്എല്‍സി ബുക്കിലെ തിരുത്തലിന്റെയും അടിസ്ഥാനത്തില്‍ വിവാഹ രജിസ്റ്ററിലും സര്‍ട്ടിഫിക്കറ്റിലും തിരുത്തല്‍ വരുത്താനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇത് സംസ്ഥാന വ്യാപകമായി എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ബാധകമാക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ നടപടി അതിവേഗം പൂര്‍ത്തിയാക്കി പൊതു ഉത്തരവ് ഇറക്കാനും മന്ത്രി നിര്‍ദേശിച്ചു.