 
                    Yuvamorcha leader Manikandan murder തൃശ്ശൂര്‍: യുവമോര്‍ച്ച ഗുരുവായൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന പുന്നയൂര്‍ക്കുളം പെരിയമ്പലം മണികണ്ഠന്‍ വധക്കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു. എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ചാവക്കാട് കടപ്പുറം പുതിയങ്ങാടി കീപ്പാട്ട് നസ്രുള്ള തങ്ങളെയാണ് തൃശ്ശൂരില്‍ ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ കമനീസ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെവിട്ടത്.
|  | 
 | 
2004 ജൂണ്‍ 12നാണ് പെരിയമ്പലത്ത് വെച്ച് കേസിനാസ്പദമായ സംഭവം നടന്നത്. പെരിയമ്പലം റോഡിലൂടെ നടന്നുവരുന്ന സമയത്ത് മണികണ്ഠനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതികള്‍ക്ക് വേണ്ടി തൃശൂര്‍ ബാറിലെ സീനിയര്‍ അഭിഭാഷകനായ പി.പി ഹാരിസ്, യഹിയ എന്നിവര്‍ ഹാജരായി.
കേസിലെ ഒന്നാം പ്രതി പനന്തറ വലിയകത്ത് ഖലീലിനെ 2021 ല്‍ തൃശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 9 പ്രതികളുണ്ടായിരുന്ന കേസില്‍ ഏഴുപേരെ കോടതി വെറുതെ വിട്ടിരുന്നു.
ALSO READ: 225 കോടി കിട്ടിയ ആ പ്രവാസി ഭാഗ്യവാന്‍ ഇയാളാണ്
പെരിയമ്പലം യത്തീംഖാന റോഡിന് സമീപം സുഹൃത്തുമായി സംസാരിച്ചു നില്‍ക്കവെ മോട്ടോര്‍ സൈക്കിളിലെത്തിയ ഒന്നാം പ്രതി ഖലീലും, രണ്ടാം പ്രതി നസറുള്ളയും മണികണ്ഠനെ വാളു കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്പിക്കുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നത്. കൂടെയുണ്ടായിരുന്ന പ്രസാദ് തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ വാള്‍ വീശി ഭീഷണിപ്പെടുത്തി ഓടിച്ചു. ഗുരുതര പരിക്കേറ്റ മണികണ്ഠനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നേരത്തേ എന്‍ഡിഎഫ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദച്ചതിന് പ്രതികാരമായാണ് കൊലയെന്നാണ് കരുതപ്പെടുന്നത്.
എന്‍ഡിഎഫ് പ്രവര്‍ത്തകരായ ഷമീര്‍, അബ്ദുള്‍ മജീദ്, ജാഫര്‍, റജീബ് ലിറാര്‍, റഫീഖ് മജീദ് എന്നിവരാണ് മറ്റ് പ്രതികള്‍. കേസില്‍ 2014 ജനുവരിയില്‍ വിചാരണ ആരംഭിച്ചെങ്കിലും പുനരന്വേഷണം നടത്തണമെന്ന മണികണ്ഠന്റെ സഹോദരന്റെ ഹര്‍ജിയില്‍ അഡീ. സെഷന്‍സ് ജഡ്ജി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
വിചാരണക്കിടെ ജാമ്യമെടുത്ത് മുങ്ങിയ നസറുള്ളയെ 20 വര്‍ഷത്തിന് ശേഷം 2024ലാണ് പിടികൂടിയത്.
 
                                 
                            

 
                                 
                                 
                                
 
                                     
                                     
                                     
                         
                        
 
                         
                        
 
                         
                         
                        