മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് മോഡല്‍ ഈ മാസം 27ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഐസിഇ (Internal combustion engine) സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ആധിപത്യം ഉള്ളതിനാല്‍ ഹോണ്ടയുടെ ആദ്യത്തെ ഇലക്ട്രിക് മോഡലും ഒരു സ്‌കൂട്ടറാകാമെന്നാണ് പ്രതീക്ഷ. ഐസിഇ സ്‌കൂട്ടര്‍ സെഗ്മെന്റില്‍ ആക്ടിവ, ഡിയോ എന്നി മോഡലുകളാണ് ജനപ്രീതി നേടിയത്.
|
ആക്ടീവ ഇലക്ട്രിക് അല്ലെങ്കില്‍ ഇആക്ടീവ എന്ന പേരിലായിരിക്കും പുതിയ മോഡല്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആക്ടീവ എന്ന പേര് എല്ലാവര്‍ക്കും അറിയാവുന്നത് കൊണ്ട് ഈ ജനപ്രീതി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് ഹോണ്ട.
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI) സമീപ വര്‍ഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മോഡലാണ് നിരത്തിലിറക്കാന്‍ പോകുന്നതെന്നാണ് ഇതുസംബന്ധിച്ചിറക്കിയ ബ്രീഫിങ്ങില്‍ കമ്പനി അറിയിച്ചത്.
ആക്ടിവ ഇലക്ട്രിക് അല്ലെങ്കില്‍ ഇ ആക്ടീവ 110 സിസി ഐസിഇ സ്‌കൂട്ടറിന് തുല്യമായ പ്രകടനം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ കഴിയുന്ന വന്‍ ബാക്കപ്പ് ബാറ്ററി പായ്ക്ക് ആയിരിക്കും ഇതില്‍ ക്രമീകരിക്കുക. ബാറ്ററികള്‍ സ്വാപ്പ് ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള സാങ്കേതികവിദ്യയുമായി സ്‌കൂട്ടര്‍ വരാനാണ് സാധ്യത. ഇത് ദൈര്‍ഘ്യമേറിയ ചാര്‍ജിങ് ഒഴിവാക്കാന്‍ ഉപയോക്താക്കളെ സഹായിക്കുമെന്നാണ് ഹോണ്ട കരുതുന്നത്.
സ്ഥിരവും സ്വാപ്പ് ചെയ്യാവുന്നതുമായ ബാറ്ററി ഓപ്ഷനുകളോടെ ഒന്നിലധികം ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയിലെ വിപണിയില്‍ കൊണ്ടുവരാനുള്ള പദ്ധതികള്‍ ഹോണ്ട ടൂവീലേഴ്‌സ് മുമ്പ് വെളിപ്പെടുത്തിയിരുന്നു.
സമീപത്തെ ചാര്‍ജിങ് സ്റ്റേഷനുകളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന OTA (ഓവര്‍ ദി എയര്‍) അപ്‌ഡേറ്റുകളും നാവിഗേഷന്‍ സഹായങ്ങളും പോലുള്ള വിപുലമായ കണക്റ്റിവിറ്റി ഫീച്ചറുകളും പുതിയ സ്‌കൂട്ടറില്‍ ഉണ്ടായേക്കും.
ഹോണ്ടയുടെ വരാനിരിക്കുന്ന ഇലക്ട്രിക് ഓഫറുകളെക്കുറിച്ചും ഇവി സെഗ്‌മെന്റിനായുള്ള പ്ലാനുകളെക്കുറിച്ചും കൂടുതല്‍ വിശദാംശങ്ങള്‍ നവംബര്‍ 27ന് കമ്പനി വെളിപ്പെടുത്തും.
100 KM mileage on a single charge, Honda with first electric scooter; Launching on November 27


