|
തിരുവനന്തപുരം: കേരളത്തില്‍ ഡ്രൈവിങ് ലൈസന്‍സും (Driving Licence) ആര്‍.സി ബുക്കും (Certificate of Registration) പ്രിന്റ് ചെയ്ത് നല്‍കുന്നത് നിര്‍ത്തുന്നു. ഇവയെല്ലാം ഇനി പരിവാഹന്‍ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് മോട്ടോര്‍ വെഹിക്കില്‍ വകുപ്പിന്റെ (MVD) തീരുമാനം. ആദ്യ ഘട്ടത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെയും രണ്ടാം ഘട്ടത്തില്‍ ആര്‍സി ബുക്കിന്റെയും പ്രിന്റിംഗ് നിര്‍ത്തലാക്കും.
ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടിയെന്ന് കേരള ഗതാഗത കമ്മിഷണര്‍ അറിയിച്ചു. നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ രണ്ടുമാസം കഴിഞ്ഞാണ് ഡ്രൈവിങ് ലൈസന്‍സ് തപാല്‍ മാര്‍ഗം ലഭിക്കുന്നത്. രജിസ്‌ട്രേഷന്‍ കഴിഞ്ഞ് മൂന്നുമാസമെങ്കിലും കഴിഞ്ഞാണ് ആര്‍സി ബുക്ക് ലഭിക്കുക. ഇതെല്ലാം പുതിയ പരിഷ്‌കാരത്തോടെ മാറും. ഇവ ഡിജിറ്റലാക്കുന്നതോടെ ടെസ്റ്റ് പാസായി മിനിട്ടുകള്‍ക്കകം തന്നെ ലൈസന്‍സ് വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ കഴിയും. ഇവ ഡിജിറ്റല്‍ രൂപത്തില്‍ മെബൈല്‍ഫോണില്‍ സൂക്ഷിച്ചുവയ്ക്കാനും കഴിയും.
എം പരിവാഹന്‍ സൈറ്റിലെ സാരഥിയില്‍ നിന്നാണ് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഡിജി ലോക്കറിലും ഇത്തരത്തില്‍ വാഹന രേഖകള്‍ സൂക്ഷിക്കാന്‍ കഴിയും. വാഹന പരിശോധന സമയത്ത് ഉദ്യോഗസ്ഥന് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രേഖകള്‍ പരിശോധിക്കാവുന്നതാണ്. വാഹനമോടിക്കുന്നതോടെ ലൈസന്‍സും ആര്‍സിയും കൈവശം പ്രിന്റെടുത്ത് സൂക്ഷിക്കേണ്ട എന്ന സൗകര്യവും പുതിയ പരിഷ്‌കാരത്തിനുണ്ട്.
രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്തും സൂക്ഷിക്കാവുന്നതുമാണ്. പൊതുമേഖല സ്ഥാപനമായ ഐടിഐയുമായുള്ള കരാറിനെ ധനവകുപ്പ് എതിര്‍ത്തതോടെ ലൈസന്‍സ്, ആര്‍സി ബുക്ക് അച്ചടി മുടങ്ങിയിരിക്കുകയാണ്. ഒരു മാസത്തെ ഡ്രൈവിംഗ് ലൈസന്‍സിന് ഒന്നര ലക്ഷം രൂപയും മൂന്നു മാസത്തെ ആര്‍സി ബുക്കിന് പ്രിന്റ് ചെയ്യാന്‍ മൂന്നര ലക്ഷം രൂപയുമാണ് കുടിശികയുള്ളത്. ഇതും കണക്കിലെടുത്താണ് ഇനി ഡിജിറ്റല്‍ രേഖകള്‍ മതിയെന്ന് MVD തീരുമാനമെടുത്തത്.
ലൈസന്‍സും ആര്‍സി ബുക്കും ഡിജിറ്റലാവുന്നതോടെ വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാവുന്ന നാലാമത്തെ സംസ്ഥാനമായി കേരളം മാറും.
License and RC book will not be printed


