ന്യൂഡല്‍ഹി: പ്രതിവര്‍ഷം മൂന്നു കോടിയോളം രൂപ പ്രതിഫലമുള്ള ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ (സി.ഇ.ഒ) പദവിയിലേക്ക് നിയമനം നടത്തിയതില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) പ്രസിഡന്റും BJP നേതാവുമായ പി.ടി ഉഷ നിയമവിരുദ്ധമായി ഇടപെട്ടെന്ന് ഗുരുതരമായ ആരോപണം. ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ തലവനായ രഘുറാമിനെ സി.ഇ.ഒയായി നിയമിച്ചതായി ഈ മാസം ആറിന് ഉഷ ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. ഇതില്‍ ഉഷയുടെ ഇടപെടലുണ്ടായെന്ന ഗുരുതരമായ ആരോപണവുമായി ഐ.ഒ.എ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗങ്ങള്‍ ആണ് രംഗത്തുവന്നത്.
ഈ മാസം ആറാം തീയതിയാണ് രഘുറാമിനെ ഒളിമ്പിക് അസോസിയേഷന്‍ സി.ഇ.ഒ ആയി നിയമിച്ചത്. 15 എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗങ്ങളില്‍ 12 പേരും രഘുറാമിനെ നിയമിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ ഏകപക്ഷീയമായി ഉഷ തീരുമാനമെടുക്കുകയായിരുന്നെന്നും അംഗങ്ങള്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പി.ടി ഉഷക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് പുറത്തുവന്നതോടെയാണ് എതിര്‍പ്പ് മറികടന്നാണ് സി.ഒ.എ നിയമിച്ചതെന്ന കാര്യം പുറത്ത് വന്നത്.
|
‘സി ഇ ഒയുടെ ശമ്പളത്തിലും മറ്റും തീരുമാനമെടുക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ഏഴ് മുതല്‍ 10 ദിവസം വരെ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, നിങ്ങള്‍ ഞങ്ങളുടെ നിര്‍ദേശത്തെ അവഗണിച്ചു. ഏകപക്ഷീയമായി ശമ്പളവും നിയമനവും പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിമാസം 20 ലക്ഷം രൂപയും ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിച്ചത്. ഇത് പ്രതിവര്‍ഷം ഏകദേശം മൂന്ന് കോടി രൂപയ്ക്ക് അടുത്തുവരും,” കത്തില്‍ പറയുന്നു.
ജനുവരി 14ാം തീയതിയാണ് കത്ത് എഴുതിയിരിക്കുന്നത്. സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് പട്ടേല്‍, ട്രഷറര്‍ സഹദേവ് യാദവ്, വൈസ് പ്രസിഡന്റുമാരായ രാജലക്ഷ്മി ഡിയൊ, ഗഗന്‍ നാരംഗ്, ഒളിമ്പിക് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത് എന്നിവരാണ് കത്തില്‍ ഒപ്പുവെച്ച പ്രമുഖര്‍. ഉഷ, ഒളിമ്പിക് മെഡല്‍ ജേതാവ് മേരി കോം, അജന്ത ശരത് കമാല്‍ എന്നിവര്‍ മാത്രമാണ് കത്തില്‍ ഒപ്പുവെക്കാത്തത്.
പ്രതിവര്‍ഷം മൂന്ന് കോടി രൂപയാണ് സി.ഇ.ഒക്ക് ശമ്പളമായി നല്‍കുന്നത്. ഇതും ഉഷ ഏകപക്ഷീയമായി തീരുമാനിച്ചെന്നും കത്തിലുണ്ട്. നിലവില്‍ ഇത് സംബന്ധിച്ച് ആരോപണങ്ങള്‍ മാത്രമാണ് ഉയരുന്നത്. വരും ദിവസങ്ങളില്‍ കായികമന്ത്രാലയത്തിന് പരാതി നല്‍കിയേക്കും. എന്നാല്‍ ആരോപണങ്ങളെല്ലാം പി.ടി ഉഷ നിഷേധിച്ചിട്ടുണ്ട്. അംഗങ്ങളെല്ലാവരും യോജിച്ച തീരുമാനമെടുത്താണ് സി.ഇ.ഒയെ നിയമിച്ചതെന്നാണ് പി.ടി ഉഷയുടെ പ്രതികരണം.
12 EC members allege president PT Usha ‘exerted pressure


