|
ചെന്നൈ: നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ വിശാലിന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. 15 കോടി രൂപ കോടതിയില്‍ അടിയന്തരമായി വിശാല്‍ കെട്ടിവയ്ക്കണമെന്ന് കോടതി അറിയിച്ചു. അല്ലാത്ത പക്ഷം തീയറ്ററുകളിലോ, ഒടിടി പ്ലാറ്റ്ഫോമുകളിലോ വിശാലിന്റെ ചിത്രങ്ങള്‍ റിലീസ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി. 2022 മാര്‍ച്ച് 8-ന് സിംഗിള്‍ ബെഞ്ച് ജഡ്ജി 15 കോടി കെട്ടിവയ്ക്കാന്‍ വിശാലിന് നിര്‍ദേശം നല്‍കിയിരുന്നു.
2019 മുതല്‍ 21.29 കോടി രൂപ വിശാല്‍ നല്‍കാനുണ്ടെന്ന് ലൈക്ക പ്രൊഡക്ഷന്‍സിന്റെ ഹര്‍ജിയിലാണ് 2022 മാര്‍ച്ചില്‍ ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി നടനോട് പണം കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചത്. ഇതിനെതിരെ വിശാല്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കാന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി.രാജയും ജസ്റ്റിസ് ഡി. ഭരത ചക്രവര്‍ത്തിയും വിസമ്മതിച്ചു.
കൂടാതെ സിംഗിള്‍ ജഡ്ജിയുടെ ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് ഒരു അധിക ക്ലോസ് കൂടി ചേര്‍ത്തു. പണം തിരിച്ചു ലഭിക്കാന്‍ ലൈക്ക പ്രൊഡക്ഷന്‍സ് ഫയല്‍ ചെയ്ത സിവില്‍ സ്യൂട്ടിന്റെ ഭാഗമായി 15 കോടി രൂപ കെട്ടിവയ്ക്കാന്‍ നിര്‍ദ്ദേശം പാലിക്കുന്നതില്‍ നടന്‍ പരാജയപ്പെട്ടാല്‍ അത് തീര്‍പ്പാക്കുന്നതുവരെ വിശാലിന്റെ സിനിമകളൊന്നും തീയറ്ററുകളിലോ ഒടിടി പ്ലാറ്റ്ഫോമിലോ റിലീസ് ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശിച്ചു.


