01
Nov 2023
Thu
01 Nov 2023 Thu

ഡല്‍ഹി: ഡല്‍ഹിയില്‍ 350 രൂപയ്ക്കായി പതിനെട്ടു വയസ്സുകാരനെ കുത്തിക്കൊന്നശേഷം മുകളില്‍ കയറിനിന്നു നൃത്തം ചെയ്ത് പതിനാറുകാരന്‍. ചൊവ്വാഴ്ച രാത്രി വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം ഏരിയയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ടയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയായ പതിനാറുകാരനെ അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഷണശ്രമമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടയാളെ പ്രതി ആദ്യം കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയശേഷം ഒന്നിലധികം തവണ കുത്തുകയായിരുന്നു. 60 തവണ കുത്തിയെന്നാണു റിപ്പോര്‍ട്ടുകള്‍. ഇരയില്‍നിന്ന് 350 രൂപ പ്രതി മോഷ്ടിച്ചു. ഇരുവരും തമ്മില്‍ പരിചയമില്ലെന്നു പൊലീസ് പറഞ്ഞു.

പതിനാറുകാരന്‍ നടത്തിയ മോഷണശ്രമം പതിനെട്ടുകാരന്‍ ചെറുത്തതിനു പിന്നാലെയായിരുന്നു ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത പ്രതി മൃതദേഹം ഇടുങ്ങിയ ഇടവഴിയിലേക്കു വലിച്ചിഴയ്ക്കുന്നതു സിസിടിവി ക്യാമറകളില്‍ കാണാം. മരിച്ചെന്ന് ഉറപ്പുവരുത്താന്‍ ഇയാള്‍ കഴുത്തില്‍ തുടര്‍ച്ചയായി കുത്തുന്നുണ്ട്. തലയില്‍ ചവിട്ടുന്നതിന്റെയും ശരീരത്തിനു മുകളില്‍ കയറിനിന്നു നൃത്തം ചെയ്യുന്നതിന്റെയും നടുക്കുന്ന ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞു.

ചൊവ്വാഴ്ച രാത്രി 11.15ഓടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും ഉടന്‍ സ്ഥലത്തെത്തി പതിനെട്ടുകാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജോയ് ടിര്‍ക്കി പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ഫൊറന്‍സിക് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു.