ന്യൂഡൽഹി: കടക്കെണിയെ തുടർന്ന് യുവാവ് ഭാര്യയെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയ ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഡൽഹിയിലെ വിപിൻ ഗാർഡനിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.
|
35കാരിയും അഞ്ചുവയസ്സും നാലുമാസം പ്രായമുള്ള ആൺകുട്ടികളുമാണ് കൊല്ലപ്പെട്ടത്. 38കാരനായ രാജേഷ് ആണ് ഇവരെ കൊലപ്പെടുത്തിയത്. ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് ആശുപത്രിയിൽ ചികിൽസയിലാണ്.
സാമ്പത്തികപ്രയാസങ്ങൾ ചൂണ്ടിക്കാട്ടി ഞായറാഴ്ച പുലർച്ചെ യുവാവ് കൂട്ടുകാർക്ക് സന്ദേശമയച്ചിരുന്നു. ഇവർ ഉടൻ തന്നെ യുവാവിന്റെ സഹോദരന് അപായസന്ദേശം നൽകി. പുലർച്ചെ തന്നെ വിവരം പൊലീസിൽ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും യുവാവിന്റെ ഭാര്യയും രണ്ടുമക്കളും കൊല്ലപ്പെട്ടിരുന്നു.
കൈയിൽ ആഴത്തിലുണ്ടാക്കിയ മുറിവിലൂടെ ചോരനഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു ഈ സമയം രാജേഷ്. ഇയാളെ ദീൻ ദയാൽ ഉപധ്യായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പുണ്ടായിരുന്ന ജോലി നഷ്ടമായ ശേഷം കട നടത്തിവരികയായിരുന്നു രാജേഷ് എന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു.





