04
Nov 2026
Wed
04 Nov 2026 Wed

ബെംഗളൂരുവിൽ മലയാളി യുവാവിനെ പെൺസുഹൃത്തിന്റെ പിതാവ് അടിച്ചുകൊന്നു. പാലക്കാട് പട്ടാമ്പിക്കടുത്ത് തിരുവേഗപ്പുറം സ്വദേശി കിരൺ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. യെലഹങ്കള്ളിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു കിരൺ. ഇതിനിടെ ആനന്ദിന്റെ 19കാരിയായ മകളുമായി കിരൺ അടുപ്പത്തിലായി. മൈസൂരിൽ പഠിക്കുന്ന പെൺകുട്ടി തുടർച്ചയായ അവധി ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയിരുന്നു. ഇതിനിടെ ആനന്ദും ഭാര്യയും തമിഴ്നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങി.

ഇതിന് പിന്നാലെ കിരൺ വീട്ടിലെത്തി. എന്നാൽ അപ്രതീക്ഷിതമായി തിരിച്ചെത്തിയ ആനന്ദ് മകളോടൊപ്പം കിരണിനെ കണ്ടതോടെ പ്രകോപിതനാകുകയായിരുന്നു. മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയശേഷം ബാറ്റും പൈപ്പും ഉപയോഗിച്ച് കിരണിനെ ക്രൂരമായി മർദിച്ചു. അടിവയറ്റിലുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ കിരൺ മർദനത്തിനിടെ കുഴഞ്ഞുവീണു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കിരണിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക