വീട്ടില്‍ പ്രസവത്തിന് ശ്രമിക്കവെ അമ്മയും കുഞ്ഞും മരിച്ച സംഭവം; നയാസിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു
|
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്തില്‍ വീട്ടില്‍ പ്രസവത്തിന് ശ്രമിക്കവെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവ് നയാസിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു. ഗര്‍ഭസ്ഥശിശു മരിക്കാന്‍ ഇടയായ സാഹചര്യം, മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്നി വകുപ്പുകള്‍ ചുമത്തിയാണ് നയാസിന്റെ ആദ്യ ഭാര്യ റജീനയെ പ്രതി ചേര്‍ത്തത്. ഇവര്‍ ഒളിവിലാണ്. റജീനയാണ് വീട്ടില്‍ പ്രസവിക്കാന്‍ പ്രേരണനല്‍കിയതെന്നാണ് പറയുന്നത്.
കേസില്‍ കഴിഞ്ഞ ദിവസമാണ് നയാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേസില്‍ അക്യൂപങ്ചര്‍ ചികിസ്‌കന്‍ ഷിഹാബുദ്ദീനും അറസ്റ്റിലായിട്ടുണ്ട്. ശിഹാബുദ്ദീന്‍ ഷെമീറയെ അക്യുപങ്ചര്‍ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശിഹാബുദ്ദീന്റെ ചികിത്സ സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നയാസിന്റെ ഭാര്യ പാലക്കാട് സ്വദേശിനിയായ ഷമീറയും നവജാതശിശുവും പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. പ്രസവത്തിന് ശേഷമുണ്ടായ അമിത രക്തസ്രാവമായിരുന്നു മരണത്തിനിടയാക്കിയത്.


