23
Jun 2026
Tue
23 Jun 2026 Tue
George Kurian

ന്യൂഡല്‍ഹി: ബിജെപി മുതിര്‍ന്ന നേതാവ് ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. ആറുവര്‍ഷത്തെ രാജ്യസഭാ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി അദ്ദേഹത്തിന് വീണ്ടും സീറ്റ് നല്‍കാതിരുന്ന സാഹചര്യത്തിലാണ് രാജി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുപാര്‍ശപ്രകാരം ഭരണഘടനയുടെ 75-ാം അനുച്ഛേദം ക്ലോസ് (2) അനുസരിച്ച് ജോര്‍ജ് കുര്യന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുര്‍മു സ്വീകരിച്ചതായി രാഷ്ട്രപതി ഭവന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

2024 ഓഗസ്റ്റില്‍ ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്. നിലവില്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരം, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് ജോര്‍ജ് കുര്യന്‍. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും ജനവിധി തേടിയിരുന്നു. ഇനി സംഘടനാ ചുമതലകളിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം ജോര്‍ജ് കുര്യന്‍ നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.

രാജിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജോര്‍ജ് കുര്യന്‍ നന്ദി പറഞ്ഞു. കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും മോദിജി പ്രധാനമന്ത്രി ആയതുകൊണ്ട് മാത്രമാണ് തന്നെ മന്ത്രിയാക്കിയതെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കിയത്. ഇന്നലെ പ്രധാനമന്ത്രിയെ കണ്ടിരുന്നു. രാജിക്കത്ത് ഇന്നലെ തന്നെ കൈമാറിയതാണ്. രാജി രാഷ്ട്രപതി അംഗീകരിച്ചു എന്നുമാണ് ജോര്‍ജ് കുര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിയായ രവിനീത് സിങ് ബിട്ടുവിനും ബിജെപി രാജ്യസഭാ സീറ്റ് നല്‍കിയിരുന്നില്ല.

Minister George Kurian resigns as BJP skips him for Rajya Sabha term