വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിക്കെതിരേ പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും ഉയരുന്ന എതിര്‍പ്പുകള്‍ അവഗണിക്കാനുറച്ച് വി ഡി സതീശന്‍. താനെടുത്ത തീരുമാനവുമായി മുന്നോട്ടു പോകാനും നികുതി കുറച്ച നടപടി ധനബില്ലില്‍ ഉള്‍പ്പെടുത്താനുമാണ് സതീശന്റെ നീക്കം. ധനബില്ല് ജൂലൈ ഒന്നിന് നിയമസഭ പാസാക്കും.
|
ധനബില്ലിന് മുമ്പ് മുന്നണിയിലും പാര്‍ട്ടിയിലും സമവായമുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളും വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും വിമര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുന്നതിനിടയിലാണ് വി ഡി സതീശന്റെ ഈ ഉറച്ച നീക്കം. മുസ്ലിം ലീഗ് പരസ്യമായി വലിയ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ അനുകൂല സമീപനമുണ്ടെന്നാണ് വിവരം. സര്‍ക്കാരിന് വരുമാനം വര്‍ധിപ്പിക്കാനുള്ള പ്രധാന മാര്‍ഗമായാണ് വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗ് നേതാക്കള്‍ ഇതിനെ കാണുന്നത്.
ബജറ്റ് നിയമസഭ പാസാക്കിയാല്‍ ബജറ്റിലെ അധിക നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ ധനബില്‍ കൂടി പാസാക്കേണ്ടതുണ്ട്. ധനബില്‍ കൂടി പാസാകുമ്പോഴാണ് പുതുക്കിയ നികുതി നടപ്പിലാക്കാനാകുക.
ALSO READ: വാട്ടര്‍ ബോട്ടിലില്‍ മദ്യം! സ്‌കൂളിലേക്ക് വ്യാജ വാറ്റ് കൊണ്ടു വന്ന പത്താം ക്ലാസുകാരന്‍ പിടിയില്‍
സാധാരണഗതിയില്‍ ബജറ്റ് പാസാക്കുമ്പോള്‍ ധനബില്ല് പാസാക്കുന്നതിനൊപ്പം തന്നെ സബ്ജറ്റ് കമ്മിറ്റിയില്‍ കൂടി ഇത് പരിഗണിക്കണമെന്നുണ്ട്. പുതുക്കിയ ബജറ്റാണ് ഇത്തവണത്തേത് എന്നതിനാല്‍ തന്നെ ധനബില്‍ മാത്രമേ പാസാക്കുന്നുള്ളൂ. സബ്ജറ്റ് കമ്മിറ്റിക്ക് പോകേണ്ടതില്ലെന്ന ഒരു ഭേദഗതി കൂടി ഇന്നലെ നിയമസഭ അംഗീകരിച്ച സാഹചര്യത്തില്‍ ധനബില്‍ പാസാക്കുമ്പോള്‍ നികുതി പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിക്കും.
ജൂലൈ ഒന്നിന് ധനബില്ല് അവതരിപ്പിക്കുമ്പോള്‍ അതില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി രണ്ട് സ്ലാബുകളിലായി 120 ശതമാനമായും 175 ശതമാനമായും കുറച്ചുകൊണ്ടുള്ള തീരുമാനവും ഉള്‍പ്പെടും. ഇത് പൂര്‍ണമായും നടപ്പിലാകണമെങ്കില്‍ എക്സിക്യൂട്ടീവ് ഓര്‍ഡറിന്റെ കൂടി ആവശ്യം മാത്രമേയുള്ളൂ.
മുന്നണിയുടേയും പാര്‍ട്ടിയുടേയും തീരുമാനമേ നടപ്പിലാക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും വിഷയത്തില്‍ യൂടേണടിക്കാന്‍ അദ്ദേഹം താത്പര്യപ്പെടുന്നില്ലെന്നാണ് വിഡി സതീശനുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എല്‍ഡിഎഫ് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന ന്യായീകരണം ഇതിന്റെ ഭാഗമാണ്. ബക്കാഡി പോലുള്ള വന്‍കിട കമ്പനിയാണ് മറുപുറത്തെന്നതിനാല്‍ ഇപ്പോഴുള്ള എതിര്‍പ്പ് സുധീരനെ പോലുള്ള അപൂര്‍വ്വം നേതാക്കളിലേക്ക് മാത്രമായി ചുരുങ്ങുമെന്നാണ് സതീശന്റെ പ്രതീക്ഷ.
vd satheesan will not change stand in low-alcohol liquor policy





