|
കല്പറ്റ: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ട് അക്രമാസക്ത സമരപരിപാടികള്‍ നടത്തിയതിന് പിന്നില്‍ ളോഹ ഇട്ട ചിലരാണെന്ന പരാമര്‍ശം നടത്തിയ ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ് കെ.പി മധുവിനെ മാറ്റി. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ വയനാട് പുല്‍പ്പള്ളയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന കെപി മധുവിന്റെ പരാമര്‍ശമാണ് നടപടിക്ക് കാരണം. പരാമര്‍ശത്തില്‍ സഭ ബിജെപ ിനേതൃത്വത്തോട് അതൃപ്തി അറിയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സഭാനേതൃത്വത്തെ പിണക്കേണ്ടെന്ന തീരുമാനത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന നേതൃത്വമാണ് മധുവിനെതിരെ നടപടി സ്വീകരിച്ചത്.
പകരം ജില്ലാ സെക്രട്ടറി പ്രശാന്ത മലവയലിന് ജില്ലാ പ്രസിഡന്റിന്റെ ചുമതല നല്കി. കെപി മധുവിന്റെ പരാമര്‍ശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായതോടെ കെപി മധു തിരുത്തുമായി രംഗത്തുവന്നെങ്കിലും സഭ ഉറച്ചുനില്‍ക്കുകയായിരുന്നു. ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു മധുവിന്റെ വിശദീകരണം. വിഷയത്തില്‍ കഴിഞ്ഞ ദിവസം കെപി മധുവിനെ ബിജെപി സംസ്ഥാന നേതൃത്വം വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.
ബി.ജെ.പി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആണ് മധുവിന്റെ പരാമര്‍ശം. പരാമര്‍ശങ്ങള്‍ ഇങ്ങനെയായിരുന്നു:”ളോഹ ഇട്ടവരുടെ ആഹ്വാനത്തിനുശേഷമാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷം ഉണ്ടായത്. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. സര്‍വകകക്ഷി യോഗത്തില്‍ തീരുമാനം പറയുന്ന സമയത്താണ് ചില ളോഹ ഇട്ട ആളുകള്‍ പിടിക്കെടാ, തല്ലെടാ എന്ന് ആക്രോശം മുഴക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ പ്രകോപിതരായത്. അതിനുശേഷമാണ് സംഘര്‍ഷമുണ്ടായത്. കുപ്പിയും കല്ലും വലിച്ചെറിയുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ പോയത്. ഏകപക്ഷീയമായി ഒരു വ്യക്തിയെ മാത്രം നോട്ടമിട്ടാണ് കേസെടുത്തത്. ഇത് ബി.ജെ.പി അംഗീകരിക്കില്ല.”
bjp replaced wayanad district president kp madhu over anti sabha statement


