29
Mar 2024
Thu
29 Mar 2024 Thu

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ പത്മജ വേണുഗോപാല്‍, കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറില്‍ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നരേന്ദ്രമോദി വലിയ നേതാവാണെന്നും അദ്ദേഹത്തിന്റെ കഴിവ് എന്നും ആക‍ര്‍ഷിച്ചിരുന്നുവെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം പത്മജ വേണുഗോപാൽ. ബിജെപിയിൽ ചേര്‍ന്നതിൽ വളരെ സന്തോഷം. തുടര്‍ച്ചയായ അവഗണനയിൽ മനം മടുത്താണ് കോണ്‍ഗ്രസ് വിടുന്നത്.

വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി. ആദ്യമായാണ് പാർട്ടി മാറുന്നത്. ബിജെപി എന്ന പാർട്ടിയെ കുറിച്ച് കൂടുതൽ പഠിക്കണം. കോൺഗ്രസുമായി വര്‍ഷങ്ങളായി താൻ അകൽച്ചയിലായിരുന്നുവെന്നും പത്മജ വിശദീകരിച്ചു. ഹൈക്കമാൻഡിന് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. താൻ നൽകിയ പരാതികളെല്ലാം ചവിറ്റുകുട്ടയിലേക്ക് പോയി. തന്റെ പരാതിയിൽ പരാമ‍ര്‍ശിച്ചവരെല്ലാം വലിയ സ്ഥാനങ്ങളിലെത്തി. സമാധാന പരമായി പ്രവർത്തിക്കണം എന്നാണ് ആഗ്രഹം.

മറ്റ് ആവശ്യങ്ങൾ ഒന്നും ഇല്ല. സോണിയ ഗാന്ധിയോട് വലിയ ബഹുമാനമാണ്. പക്ഷേ കാണാൻ പറ്റിയില്ല. കോൺഗ്രസ് പ്രവർത്തകരെ പറ്റി ആലോചിക്കുമ്പോൾ മാനസികമായ ബുദ്ധിമുട്ടുണ്ട്. പാർട്ടി പ്രവർത്തകരിൽ പലരും ഒപ്പമുണ്ട് എന്ന് പറയുന്നുണ്ടെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് പത്മജ വേണുഗോപാല്‍ പറയുമ്പോഴും ഗവര്‍ണര്‍ പദവിയടക്കം ചര്‍ച്ചയിലുണ്ടെന്നാണ് സൂചന. ചാലക്കുടിയില്‍ മത്സരിപ്പിക്കുന്നതിലും ആലോചനകളുണ്ട്. ചാലക്കുടിയിൽ പത്മജ മത്സരിക്കുകയാണെങ്കില്‍ ചാലക്കുടി സീറ്റ് ബിജെപിയെടുത്ത് എറണാകുളം സീറ്റ് ബിഡിജെഎസിന് നല്‍കിയേക്കും.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനം കോൺഗ്രസിന് കനത്ത തിരിച്ചടിയാണ്. ലീഡറുടെ മകൾ വരെ ബിജെപിയിലെത്തുമ്പോൾ വിശ്വാസ്യത പോകുന്നു എന്നതാണ് പാർട്ടി നേരിടുന്ന വലിയ പ്രതിസന്ധി. പത്മജയ്ക്ക് നൽകിയ സ്ഥാനമാനങ്ങൾ എണ്ണിപ്പറഞ്ഞാണ് അവരുടെ ആരോപണങ്ങളെ കോണ്‍ഗ്രസ് നേരിടുന്നത്.