28
Mar 2024
Wed
28 Mar 2024 Wed
nellai mubarak sdpi

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. 16 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്. സഖ്യത്തിലെ മറ്റു പാര്‍ട്ടികളായ ഡിഎംഡികെക്ക് അഞ്ച് സീറ്റും പുതിയ തമിഴകത്തിനും എസ്ഡിപിഐക്കും ഓരോ സീറ്റും അനുവദിച്ചതായി അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു. (AIADMK releases first list of 16 candidates)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിഎംകെയുടെ സിറ്റിങ് സീറ്റായ ദിണ്ടിഗല്‍ ആണ് എസ്ഡിപിഐക്ക് അനുവദിച്ചത്. മണ്ഡലത്തില്‍ വിജയം പ്രതീക്ഷിക്കുന്നതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനാര്‍ഥിയെ ഇന്ന് വൈകീട്ട് 3 മണിക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ദേശീയ നേതാക്കള്‍ പ്രഖ്യാപിക്കും.

ദിണ്ടിഗല്‍ മണ്ഡലത്തില്‍ രണ്ട് മന്ത്രിമാരുണ്ടെങ്കിലും ഇതുവരെ വികസനം എത്തിനോക്കിയിട്ടില്ല. അതുകൊണ്ട് ഒരു മാറ്റത്തിന് വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നു മുബാറക് വാര്‍ത്താ ലേഖരുടെ ചോദ്യത്തോട് പ്രതികരിച്ചു. സംസ്ഥാനത്തെ 40 മണ്ഡലങ്ങളിലും എസ്ഡിപിഐക്ക് പ്രവര്‍ത്തകരുണ്ട്. ദിണ്ടിഗലില്‍ പാര്‍ട്ടി ശക്തമാണ്. മുന്നണി ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ സമയവായത്തിന്റെ ഭാഗമായാണ് ദിണ്ടിഗല്‍ തിരഞ്ഞെടുത്തതെന്നും നെല്ലൈ മുബാറക് ചൂണ്ടിക്കാട്ടി.

അതേ സമയം, പട്ടാളി മക്കള്‍ കക്ഷിയുമായി സഖ്യം സാധ്യമാവാത്തതില്‍ നിരാശയില്ലെന്ന് എടപ്പാടി പളനി സ്വാമി പറഞ്ഞു. പിഎംകെ ബിജെപിക്കൊപ്പം ചേരുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്തമാണ് പാര്‍ട്ടി. എന്നാല്‍, സഖ്യത്തിലേക്ക് ആര് വന്നാലും സ്വാഗതം ചെയ്യും.

2014ല്‍ സംസ്ഥാനത്തെ 38 മണ്ഡലങ്ങളിലും വിജയിച്ച പാര്‍ട്ടിയാണ് അണ്ണാ ഡിഎംകെ. ഞങ്ങളുടെ സാരഥികള്‍ പാര്‍ലമെന്റില്‍ തമിഴ്‌നാടിന്റെ ശബ്ദം എത്തിക്കും. എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എസ്ഡിപിഐ, പുതിയ തമിഴകം എന്നിവയ്ക്ക് പുറമേ തമിഴ് മാനില മുസ്ലിം ലീഗ്, മനിതനേയ ജന നായക കക്ഷി തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നും പളനി സ്വാമി പറഞ്ഞു.