27
Mar 2024
Fri
27 Mar 2024 Fri
anuja hashim accident death

അടൂര്‍: പട്ടാഴിമുക്കില്‍ ലോറിയില്‍ കാറിടിച്ച് അധ്യാപികയും സുഹൃത്തും മരിച്ച അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മരിച്ച അധ്യാപിക അനുജയും കൂടെയുണ്ടായിരുന്ന സുഹൃത്ത് ഹാഷിമുമായി കാറില്‍ മല്‍പിടുത്തം നടന്നിരുന്നതായി ഏനാദിമംഗലം പഞ്ചായത്ത് അംഗം ശങ്കര്‍ മരൂര്‍ വെളിപ്പെടുത്തി. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. ( eyewitness-with-disclosure-in-adoor-accident-anuja-and-hashim-death )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്‍ ഓടുന്നതിനിടെ അനുജ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്നു തവണ തുറന്നു. കാലുകള്‍ പുറത്തിടുന്നതും കണ്ടു. കാര്‍ പലവട്ടം പാളിയിരുന്നെന്നും ശങ്കര്‍ വെളിപ്പെടുത്തി. അമിത വേഗതയില്‍ എത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവറുടെ മകന്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു.

നൂറനാട് സ്വദേശിയാണ് തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ അനുജ. കായംകുളം സ്വദേശിയാണ് ഭര്‍ത്താവ്. ഇവര്‍ക്ക് 11 വയസുള്ള മകനും ഉണ്ട്. ഹരിശ്രീ എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് ഹാഷിം. സഹ അധ്യാപകര്‍ക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

കുളക്കടയില്‍വെച്ചാണ് ഹാഷിം വാഹനം തടഞ്ഞതെന്ന് പ്രധാനാധ്യാപിക പറഞ്ഞു. ഹാഷിം വിളിച്ചപ്പോള്‍ അനുജ ആദ്യം പോവാന്‍ മടിച്ചിരുന്നു. എന്നാല്‍, ഹാഷിം ബലംപ്രയോഗിച്ച് ട്രാവലറിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ അനുജ ഇറങ്ങിപ്പോവുകയായിരുന്നു. ഇയാള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ പിതൃസഹോദരന്റെ മകനാണെന്നായിരുന്നു പറഞ്ഞിരുന്നത്.

അസ്വാഭാവികത തോന്നി അധ്യാപകര്‍ അനുജയെ വിളിച്ചിരുന്നു. ഈ സമയത്ത് അനുജ കരയുകയും മരിക്കാന്‍ പോവുകയാണെന്നും പറഞ്ഞതായും അധ്യാപകര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് അധ്യാപകര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ചെറിയച്ചന്റെ മകന്‍ വിഷ്ണു വന്ന് അനുജയെ കൊണ്ടുപോയതായി അറിയിച്ചപ്പോള്‍ അങ്ങിനെയൊരാള്‍ ഇല്ലെന്ന് ബന്ധുക്കള്‍ വ്യക്കമാക്കി. യാത്രയ്ക്കിടെ അനുജയ്ക്ക് നിരവധി തവണ ഫോണ്‍ വന്നിരുന്നു.

അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി. കാര്‍ എതിര്‍ ദിശയില്‍ വന്ന കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തില്‍പ്പെട്ട സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഹാഷിം വാടകയ്ക്ക് എടുത്തതാണെന്നാണ് അറിയുന്നത്.