സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചിരിക്കുന്ന സ്വര്‍ണം എടുക്കാനെന്ന വ്യാജേന ബിസിനസ്സുകാരനെ വിളിച്ചുവരുത്തി കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് 28 ലക്ഷത്തിലേറെ രൂപയും 22 ഗ്രാം സ്വര്‍ണവും കവര്‍ന്ന മൂന്നു യുവാക്കള്‍ പിടിയില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആലപ്പുഴ ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം. സംഭവത്തില്‍ കവര്‍ച്ച നടന്ന പത്തുമിനിറ്റിലാണ് തൃക്കന്നപ്പുഴ പോലീസ് പ്രതികളെ പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍. മീനച്ചില്‍ കിടങ്ങൂര്‍ തട്ടേമാട്ടേല്‍ വീട്ടില്‍ ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി എസ് എല്‍ പുരം തിരുവാതിര വീട്ടില്‍ അരവിന്ദ് (27), കോട്ടയം കടപ്പൂര്‍ വട്ടുകുളം എര്‍ത്തയില്‍ വീട്ടില്‍ അനീഷ് ജെയിംസ് (22) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
|
ധനകാര്യസ്ഥാപനങ്ങളില്‍ പണയത്തിലിരിക്കുന്ന സ്വര്‍ണം പണം നല്‍കി എടുത്തുവില്‍ക്കുവാന്‍ സഹായിക്കുന്ന ബിസിനസ് ചെയ്യുന്ന വണ്ടാനത്ത് താമസിക്കുന്ന വടുതല നദ്വത്ത് നഗര്‍ തെക്കേ ചേലപ്പള്ളില്‍ നസറുല്‍ ഇസ് ലാമിനെ(നാസര്‍ 52)യാണ് പ്രതികള്‍ കവര്‍ച്ചയ്ക്കിരയാക്കിയത്. ഒന്നാം പ്രതി ശ്രീജിത്ത് കാര്‍ത്തികപ്പള്ളിയിലുള്ള ഒരു ഫൈനാന്‍സിന്റെ ചീട്ട് നസറുല്‍ ഇസ് ലാമിന് അയച്ചുനല്‍കി പണയം എടുത്തുതരണമെന്നാവശ്യപ്പെട്ടു. ഇതോടെ നാസര്‍ പണവുമായി ആലപ്പുഴയില്‍നിന്നു സ്‌കൂട്ടറില്‍ തോട്ടപ്പള്ളിയിലെത്തി. ഇവിടെ വ്ചച് ശ്രീജിത്ത് നാസറിന്റെ സ്‌കൂട്ടറിന്റെ പിന്നില്‍ കയറുകയും ആറാട്ടുപുഴ ഭാഗത്തേക്ക് പോവാനും ആവശ്യപ്പെട്ടു.
ബസ് സ്റ്റാന്‍ഡ് ഭാഗത്തെത്തിയപ്പോള്‍ അച്ഛനെ വിളിക്കാനാണെന്ന് പറഞ്ഞ് വാഹനം നിര്‍ത്തിച്ചശേഷം നാസറിന്റെ കണ്ണില്‍ മുളകുപൊടി വിതറി സ്‌കൂട്ടറിന്റെ മുന്നിലിരുന്ന ബാഗുമെടുത്ത് പ്രതി ഓടുകയായിരുന്നു. ഇവിടെ ഇടറോഡില്‍ സ്‌കൂട്ടറുമായി കാത്തുനിന്ന അനീഷിനും അരവിന്ദിനുമൊപ്പം ശ്രീജിത്ത് തൃക്കുന്നപ്പുഴ ഭാഗത്തേക്ക് കടന്നുകളഞ്ഞു. ഒരു സ്‌കൂട്ടറില്‍ മൂന്നുപേര്‍ പണം കവര്‍ന്നുവരുന്ന വിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കുന്നപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ച പോലീസ് മതുക്കല്‍ ജങ്കാറിന് സമീപത്തുവച്ച് പ്രതികളെ പിടികൂടുകയായിരുന്നു.
വിവിധ കേസുകളില്‍പെട്ട് കോട്ടയത്ത് ജയിലില്‍ കഴിയവെയാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ജാമ്യത്തിലിറങ്ങിയ ശേഷം അരവിന്ദിന്റെ വീട്ടില്‍ താമസിച്ചായിരുന്നു പദ്ധതി തയ്യാറാക്കിയതെന്നും പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
കാപ്പാ കേസ് പ്രതിയായ ശ്രീജിത്തിന്റെ പേരില്‍ രണ്ട് വധശ്രമം ഉള്‍പ്പെടെ ആറ് കേസുകളുണ്ട്. വൈക്കം തുരുത്തിപ്പള്ളി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മുന്‍ പൂജാരിയായ അരവിന്ദ് വിഗ്രഹത്തില്‍നിന്നും മാല മോഷ്ടിച്ച കേസിലാണ് ജയിലിലായത്. പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് അനീഷ്.
തൃക്കുന്നപ്പുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ ലാല്‍ സി ബേബി, സബ് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത്ത്, ശ്രീകുമാര്‍, സോമരാജന്‍ നായര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സബിന്‍, പ്രദീപ്, വിനോദ് കുമാര്‍, ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സിബിലാല്‍, വിനയചന്ദ്രന്‍, സാജിദ്, അനീഷ് കുമാര്‍, ഇഖ്ബാല്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ സഫീര്‍, അനന്ദപത്മനാഭന്‍, വിനീത, ഗാര്‍ഗി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.





