വായില്‍ കാന്‍സര്‍ വന്നുമരിച്ച മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൃതദേഹം ഏറ്റെടുക്കാന്‍ വീട്ടുകാര്‍ എത്തിയില്ല. ഒടുവില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ഇര്‍ഫാന ഇഖ്ബാലിന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങുകയും ഹൈന്ദവ ആചാരപ്രകാരം സംസ്‌കരിക്കുകയും ചെയ്തു. കാസര്‍കോടാണ് സംഭവം. മഞ്ചേശ്വരം താലൂക്കിലെ മീഞ്ച പഞ്ചായത്തിലെ ചിഗ്‌റുപദവ് സ്വദേശിയായ മുന്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നാരായണന്‍(64) ആണ് കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. രണ്ട് ഭാര്യമാരും മക്കളും സഹോദരിയും നാരായണനുണ്ടെങ്കിലും ഇവരാരും മൃതദേഹം ഏറ്റുവാങ്ങുന്നതിന് തയ്യാറായില്ല.
|
ഒരു മാസം മുമ്പാണ് നാട്ടിലെ കട വരാന്തയില്‍ ആഴ്ചകളോളം ഭക്ഷണം കഴിക്കാതെ മൃതപ്രായനായി കഴിഞ്ഞിരുന്ന നാരായണന്റെ ദയനീയ അവസ്ഥ വാര്‍ഡ് മെമ്പര്‍ ശരീഫ് ചിനാല ജില്ലാ പഞ്ചായത്ത് മെമ്പറും വനിതാ ലീഗ് നേതാവുമായ ഇര്‍ഫാന ഇഖ്ബാലിനെ അറിയിക്കുന്നത്. സ്ഥലത്ത് എത്തിയ അവര്‍ ജില്ലാ കലക്ടറേയും ജില്ലാ മെഡിക്കല്‍ ഓഫിസറെയും കാര്യങ്ങള്‍ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷെയ്ഖ് സായിദ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ കുളിപ്പിച്ച് വൃത്തിയാക്കി പ്രാഥമിക ശുശ്രൂഷ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
വ്യാഴാഴ്ച നാരായണന്‍ മരിക്കുകയും ഈ വിവരം മഞ്ചേശ്വരം പോലീസ് ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആരും തയ്യാറായില്ല. മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കാന്‍ കുടുംബം ജില്ലാ പഞ്ചായത്ത് മെംബര്‍ ഇര്‍ഫാനയ്ക്ക് സമ്മതപത്രം നല്‍കുകയായിരുന്നു.
ഉപ്പളയിലെ ചെറുഗോളി പൊതുശ്മശാനത്തില്‍ എത്തിച്ചാണ് മൃതദേഹം സംസ്കരിച്ചത്. ഇര്‍ഫാന ഇഖ്ബാലാണ് ചിതയ്ക്ക് തീ കൊളുത്തിയത്. സാമൂഹിക പ്രവര്‍ത്തകരായ റിയാസ് പിലാത്തറ, മഹ്‌മൂദ് കൈകമ്പ തുടങ്ങിയവരും കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. 50 വയോധികരെ സംരക്ഷിക്കുന്ന ഉപ്പളയിലെ ഷെയ്ഖ് സായിദ് വൃദ്ധമന്ദിരം സ്ഥാപകയാണ് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ഇര്‍ഫാന.



