27
Apr 2024
Thu
27 Apr 2024 Thu
sdpi ldf and udf

കോഴിക്കോട്: ലോക് സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണ തേടി കേരളത്തിലെ ഇരുമുന്നണികളും എസ്ഡിപിഐയെ സമീപിച്ചതായി വിവരം. യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചത് വലിയ വിവാദമായതിന് പിന്നാലെയാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഉന്നത നേതാക്കള്‍ എസ്ഡിപിഐയുടെ പിന്തുണ തേടിയെന്ന് വ്യക്തമായിരിക്കുന്നത്. ( LDF and UDF approached SDPI for support in loksabha election 2024 )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കു പുറമേ എല്‍ഡിഎഫിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ എസ്ഡിപിഐ നേതൃത്വത്തെ സമീപിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ഒരു മുസ്ലിം നേതാവാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചത്. എസ്ഡിപിഐ കോഴിക്കോട് സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയില്‍ ഈ നേതാവിന്റെ സാന്നിധ്യമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശീര്‍വാദത്തോടെയായിരുന്നു ചര്‍ച്ചകള്‍. പിണറായി നേരിട്ട് തന്നെ എസ്ഡിപിഐ നേതാക്കളെ ബന്ധപ്പെട്ടതായും അറിയുന്നു.

എന്നാല്‍, പിന്തുണയ്ക്ക് പകരമായി എസ്ഡിപിഐ മുന്നോട്ട് വച്ച ഉപാധികള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ എല്‍ഡിഎഫ് വിസമ്മതിച്ചതോടെയാണ് ചര്‍ച്ച പൊളിഞ്ഞത്. എസ്ഡിപിഐ വോട്ട് ലഭിക്കില്ലെന്ന് ഉറപ്പായതോടെ സിപിഎം കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

എല്‍ഡിഎഫുമായുള്ള ചര്‍ച്ച പൊളിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ എസ്ഡിപിഐ നേതൃത്വവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ പിന്തുണയ്ക്ക് വഴി തെളിഞ്ഞത്. കണ്ണൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകളില്‍ സംബന്ധിച്ചതായി യുഡിഎഫ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

എന്നാല്‍, എസ്ഡിപിഐ മുന്നോട്ട് വച്ച ഉപാധികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എസ്ഡിപിഐക്ക് യുഡിഎഫ് പിന്തുണ വാഗ്ദാനം ചെയ്തതായി ഇന്നലെ സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചിരുന്നു.

ഇതിന് മുമ്പത്തെ പല തിരഞ്ഞെടുപ്പുകളിലും എസ്ഡിപിഐ ഇരുമുന്നണികള്‍ക്കും പിന്തുണ നല്‍കിയിരുന്നു. നിലവില്‍ പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫും എല്‍ഡിഎഫും ഭരിക്കുന്നുണ്ട്. എന്നാല്‍, ഇതാദ്യമായാണ് എസ്ഡിപിഐ ഒരു മുന്നണിക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത്.