ഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചു വരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ എംബസ്സി ആക്രമിച്ചു തകർത്ത ഇസ്രായേലിന് എതിരെ അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ നേരിട്ട് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അറിയിപ്പ്.
|
അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിൽ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന ഇന്ത്യക്കാരോട് അവിടെയുള്ള ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടു.
ഇസ്രായേലിലെ ഇന്ത്യൻ എംബസി രാജ്യത്തെ ഇന്ത്യൻ പൗരന്മാരോട് “അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശാന്തത പാലിക്കാനും പ്രാദേശിക അധികാരികൾ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും” ആവശ്യപ്പെട്ടു- അറിയിപ്പിൽ പറയുന്നു.
ഇസ്രായേലിൽ ഉടൻ ആക്രമണം ഉണ്ടായേക്കാമെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥർ ബിബിസിയുടെ യുഎസ് പങ്കാളിയായ സിബിഎസ് ന്യൂസിനോട് പറഞ്ഞു. ആക്രമണത്തിൽ 100-ലധികം ഡ്രോണുകളും ഡസൻ കണക്കിന് ക്രൂയിസ് മിസൈലുകളും ഇസ്രായേലിലെ സൈനിക ലക്ഷ്യങ്ങൾ ലക്ഷ്യമിട്ടുള്ള ബാലിസ്റ്റിക് മിസൈലുകളും ഉൾപ്പെടുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആക്രമണത്തിൽ സിറിയയിലെ ഇറാൻ കോൺസുലേറ്റ് തകർത്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഗുരുതരമായ തലത്തിലേക്ക് നീങ്ങിയിരിക്കുക ആണ്.
Ministry of External Affairs travel advisory


