ഇറാനും യുഎസും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ നിര്‍ണായക പ്രഖ്യാപനവുമായി പാകിസ്താന്‍. പെട്രോള്‍ വില ലീറ്ററിന് 74 രൂപയും (പാക്കിസ്ഥാനി രൂപ) ഡീസലിന് 67 രൂപയും കുറയ്ക്കുന്നതായി പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു. ക്രൂഡോയില്‍ വില കുറഞ്ഞതിന്റെ നേട്ടം ജനങ്ങളിലേക്ക് പകരുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.
|
ഇതോടെ പെട്രോള്‍ വില ലീറ്ററിന് 299.78 രൂപയാകും (ഏകദേശം 101 ഇന്ത്യന്‍ രൂപ). ഡീസലിന് 311.78 രൂപയും (105 ഇന്ത്യന്‍ രൂപ). യുദ്ധത്തെ തുടര്‍ന്ന് ക്രൂഡോയില്‍ വില കത്തിക്കയറിയതോടെ കഴിഞ്ഞ ഏപ്രില്‍ 3ന് പാക്ക് സര്‍ക്കാര്‍ പെട്രോള്‍ വില ലീറ്ററിന് ഒറ്റയടിക്ക് 137.24 രൂപ കൂട്ടി 458.4 രൂപയാക്കിയിരുന്നു. ഡീസലിന് 184.49 രൂപ വര്‍ധിച്ച് അന്ന് 520.35 രൂപയിലുമെത്തി.
”പശ്ചിമേഷ്യയില്‍ സമാധാനം വരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറന്നു. എണ്ണവില കുറഞ്ഞു. ഞങ്ങള്‍ വാക്കുപാലിക്കുകയാണ്” – ഷെഹബാസ് ഷെരീഫ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസ് ഇന്ധനവില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് പുറത്തുവരുന്ന മുറയ്ക്കാണ് പുതുക്കിയ വില പ്രാബല്യത്തിലാവുക. യുദ്ധത്തെ തുടര്‍ന്ന് ബാരലിന് 110-120 ഡോളര്‍വരെ നിലവാരത്തിലെത്തിയ ക്രൂഡോയില്‍ വില ഇപ്പോള്‍ 80 ഡോളറിന് താഴെയായിട്ടുണ്ട്.
നേരത്തേ ഹോര്‍മുസ് അടഞ്ഞതിനാല്‍ ക്രൂഡോയില്‍, എല്‍എന്‍ജി എന്നിവയുടെ ഇറക്കുമതി തടസ്സപ്പെട്ടതും വിലക്കുതിപ്പും പാക്കിസ്ഥാനെ വെട്ടിലാക്കിയിരുന്നു. ആഭ്യന്തര വിലയും കൂട്ടേണ്ടിവന്നത് കടുത്ത പ്രതിഷേധത്തിന് വഴിവച്ചു. രാജ്യത്ത് പണപ്പെരുപ്പം കത്തിക്കയറി. വിലക്കയറ്റവും ഇന്ധന ദൗര്‍ലഭ്യവും മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ അവധിയോ ‘വര്‍ക്ക് ഫ്രം ഹോമോ’ പ്രഖ്യാപിക്കേണ്ടി വന്നു. സ്‌കൂളുകള്‍ അനിശ്ചിതമായി അടച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു.
നിലവില്‍ ക്രൂഡോയില്‍ വില കുറഞ്ഞതിനാല്‍ ജനങ്ങള്‍ക്ക് ആശ്വാസം ഉടനടി പകരുകയാണ് പ്രധാനലക്ഷ്യമെന്നും പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാന്‍ പാക്കിസ്ഥാന്റെ പങ്ക് പ്രധാനമായിരുന്നുവെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇടപെടലുകള്‍ പ്രശംസാര്‍ഹമാണെന്ന് പാക്കിസ്ഥാന്‍ സംയുക്ത സേനാ മേധാവി അസിം മുനീറും പറഞ്ഞു.
Pakistan slashes petrol and diesel prices


