ഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും, ഏകസിവില്‍ കോഡും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി പ്രകടന പത്രിക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന് എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. (bjp-has-released-election-manifesto)
|
ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും സ്ത്രീകള്‍ക്ക് തുല്യ നീതി ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണെന്നും പ്രകടനപത്രികയില്‍ പറയുന്നു. ലോകമാകെ രാമായണ ഉത്സവം സംഘടിപ്പിക്കും. അയോധ്യയില്‍ കൂടുതല്‍ വികസനം ഉറപ്പാക്കും. കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ആരംഭിച്ച് വെയ്റ്റിങ് ലിസ്റ്റ് ബുദ്ധിമുട്ടുകള്‍ അവസാനിപ്പിക്കും. വടക്ക് – തെക്ക് ബുള്ളറ്റ് ട്രെയിന്‍ കോറിഡോര്‍ സംബന്ധിച്ച് സാധ്യതാ പഠനം നടത്തും. 6 ജി സങ്കേതിക വിദ്യ വികസിപ്പിക്കും.
സൗജന്യ റേഷന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി തുടരുമെന്നാണ് മറ്റൊരു വാഗ്ദാനം. കൂടുതല്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കും. 70 ന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ആയുഷ്മന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം ഉണ്ട്.
വൈദ്യുതി ബില്‍ പൂജ്യമാക്കാന്‍ ശ്രമിക്കും. മൂന്ന് കോടി സ്ത്രീകള്‍ക്ക് ലക്ഷം രൂപ വരുമാനം ഉറപ്പാക്കുമെന്നും ലഖ്പതി ദീദി പദ്ധതിയിലൂടെ ഒരു കോടി ആളുകള്‍ക്ക് നിലവില്‍ ഈ ആനുകൂല്യം ലഭിച്ചിട്ടുണ്ടെന്നും പ്രകടനപത്രികയില്‍ പറയുന്നു.





