20
Apr 2024
Mon
20 Apr 2024 Mon
iran warns israel

തെഹ്‌റാന്‍: ഇസ്രായേലിനെതിരേ നടത്തിയ ഡ്രോണ്‍,മിസൈല്‍ ആക്രമണത്തിന് പ്രതികരണമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഇസ്രായേലിനെ അമേരിക്ക പിന്തുണക്കരുതെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു. ( Iran warns Israel, US of ‘severe response’ in case of retaliation )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സയണിസ്റ്റ് ഭരണകൂടമോ അവരുടെ കൂട്ടാളികളോ വീണ്ടുവിചാരമില്ലാതെ പ്രതികരിച്ചാല്‍ ഇപ്പോള്‍ ഉണ്ടായതിനേക്കാള്‍ ശക്തമായ തിരിച്ചടി ഞങ്ങള്‍ നല്‍കും- ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി മുന്നറിയിപ്പ് നല്‍കി. ഇറാനെതിരേ പ്രതികരിച്ചാല്‍ ഞെട്ടിക്കുന്ന പ്രതികരണമായിരിക്കും ഉണ്ടാവുകയെന്ന് നേരത്തേ ഇറാന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരിയും വ്യക്തമാക്കിയിരുന്നു.

ഇറാന്‍ ആക്രമണം മുഴുവന്‍ ലക്ഷ്യങ്ങളും നേടിയതായി ബഗേരി അവകാശപ്പെട്ടു. കോണ്‍സുലേറ്റ് ആക്രമണത്തിനെതിരായ പ്രതികരണം ഇതോടെ അവസാനിച്ചു. അമേരിക്ക ഏതെങ്കിലും രീതിയില്‍ ഇസ്രായേലിനെ പിന്തുണച്ചാല്‍ അവരുടെ താവളങ്ങളിലേക്കും ഇറാന്‍ പ്രതികരണം നീളുമെന്നും ബഗേരി കൂട്ടിച്ചേര്‍ത്തു. ഇത് ഇറാനും ഇസ്രായേലും തമ്മിലുള്ള പ്രശ്‌നമാണെന്നും അമേരിക്ക മാറിനില്‍ക്കണമെന്നും ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡര്‍ ഹുസൈന്‍ സലാമി പറഞ്ഞു.

ഇസ്രായേല്‍ ആഴയക്കുഴപ്പത്തില്‍
അതേസമയം, ഇറാന്റെ ആക്രമണത്തിന് തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ ഇസ്രായേല്‍ ആശയക്കുഴപ്പത്തില്‍. ഹമാസ് ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്നുകൊണ്ടിരിക്കുന്ന തന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍, തിരിച്ചടി നല്‍കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ആഗ്രഹമുണ്ട്. എന്നാല്‍, ഇനിയൊരു ആക്രമണത്തിന് അമേരിക്കയുടെ സഹായമുണ്ടാവില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചതോടെ നെതന്യാഹു വെട്ടിലായിരിക്കുകയാണ്. ഇസ്രായേല്‍ യുദ്ധ കാബിനറ്റിലെ അഭിപ്രായ ഭിന്നതയും ഇസ്രായേലിനെ പിറകോട്ടടിപ്പിച്ചു. തല്‍ക്കാലം പ്രതികരിക്കേണ്ടെന്നാണ് യുദ്ധ കാബനിറ്റിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഇനിയുമൊരു ആക്രമണമുണ്ടായാല്‍ അതിര്‍ത്തി മേഖലകളില്‍ ഉള്ള സഖ്യ ശക്തികളെ ഉള്‍പ്പെടെ ഇറക്കി ഇറാന്‍ ആക്രമിച്ചേക്കുമെന്ന് അവര്‍ ഭയക്കുന്നുണ്ട്.

ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് നെതന്യാഹു ബൈഡനെ ഫോണില്‍ വിളിച്ചിരുന്നു. ഈ സംഭാഷണത്തിലാണ് ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് ബൈഡന്‍ വ്യക്തമാക്കിയത്. ഇസ്രായേല്‍ ഇറാനെ വീണ്ടും ആക്രമിച്ചല്‍ അമേരിക്ക അതിനെ പിന്തുണക്കില്ല. ഇറാന്റെ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും തകര്‍ക്കാന്‍ സാധിച്ചതിനാല്‍ ശനിയാഴ്ച രാത്രിയിലെ സംഭവം ഇസ്രായേല്‍ വിജയമായി കണക്കാക്കണമെന്നും ജോ ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞു.