പുറംലോകവുമായുള്ള ബന്ധങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച്, സ്വന്തം വിശ്വാസപ്രമാണങ്ങളില്‍ മാത്രം ജീവിക്കുന്ന ഒരു ക്രൈസ്തവ സഭയ്ക്കുള്ളില്‍ നടന്ന ക്രൂരമായ ബാല ലൈംഗിക പീഡനങ്ങളുടെയും അത് മൂടിവെക്കാന്‍ സഭാ നേതൃത്വം നടത്തിയ ഇടപെടലുകളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യു.എസ്, കാനഡ എന്നിവിടങ്ങളില്‍ പതിനായിരക്കണക്കിന് അനുയായികളുള്ള ‘ഓള്‍ഡ് അപ്പോസ്‌തോലിക് ലൂഥറന്‍ ചര്‍ച്ച്’ (OALC) എന്ന സഭയ്ക്കുള്ളിലാണ് തലമുറകളായി ലൈംഗിക അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.
|
ഏറ്റവും ക്രൂരമായ തെറ്റുകള്‍ പോലും പരസ്പരം ഏറ്റുപറഞ്ഞ് ക്ഷമ ചോദിച്ചാല്‍ ദൈവത്തിന് മുന്നില്‍ അത് ഇല്ലാതാകുമെന്നും, പിന്നീട് അതിനെക്കുറിച്ച് ആരും സംസാരിക്കാന്‍ പാടില്ലെന്നുമുള്ള വിചിത്രമായ സഭാ നിയമമാണ് കുറ്റവാളികള്‍ക്ക് സംരക്ഷണ കവചമാകുന്നത്. പീഡനവിവരം പോലീസില്‍ അറിയിക്കുന്നതിന് പകരം ഇരകളെക്കൊണ്ട് കുറ്റവാളികളോട് നിര്‍ബന്ധപൂര്‍വ്വം ക്ഷമിപ്പിക്കുന്ന രീതിയാണ് സഭ പിന്തുടരുന്നത്.
പള്ളിക്കുള്ളില്‍ വെച്ച് നൂറുകണക്കിന് തവണ പീഡനം; പോലീസില്‍ അറിയിക്കാതെ പാസ്റ്റര്‍മാര്‍
വയോമിംഗ് (Wyoming) പ്രവിശ്യയിലെ ഒരു ഗ്രാമീണ ചര്‍ച്ചിനുള്ളില്‍ വെച്ച് ഞായറാഴ്ചകളിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കിടയില്‍ പെണ്‍കുട്ടികളെ നൂറുകണക്കിന് തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചാര്‍ളി മാസി എന്ന സഭാംഗം നിലവില്‍ വിചാരണ നേരിടുകയാണ്. മാസി കുട്ടികളെ പീഡിപ്പിക്കുന്നത് സ്വന്തം മാതാപിതാക്കളുടെ അടുത്തിരുന്ന് തന്നെയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഈ ക്രൂരതയെക്കുറിച്ച് അവിടുത്തെ പാസ്റ്റര്‍ക്ക് അറിവുണ്ടായിരുന്നിട്ടും അദ്ദേഹം പോലീസിനെ അറിയിച്ചില്ല. പകരം മാസിയോട് കൗണ്‍സിലിംഗിന് പോകാന്‍ മാത്രമാണ് നിര്‍ദ്ദേശിച്ചത്.
മക്കളോടും ലൈംഗിക വൈകൃതം

മിനസോട്ടയില്‍ നിന്നുള്ള മറ്റൊരു സഭാംഗം തന്റെ മകനും മകള്‍ക്കും 12 വയസ്സ് തികഞ്ഞതുമുതല്‍ രാത്രികാലങ്ങളില്‍ അവരുടെ കിടപ്പുമുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചു. താനും തന്റെ സഹോദരങ്ങളും ചെറുപ്പത്തില്‍ ഇതേ ചര്‍ച്ചില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, അതേ പാരമ്പര്യം താന്‍ സ്വന്തം കുട്ടികളിലും ആവര്‍ത്തിക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്.
വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ 9 വയസ്സുകാരനായ ആണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കാര്‍സി തിക്ക എന്ന പ്രതിയുടെ പീഡനവിവരങ്ങളും പാസ്റ്റര്‍മാര്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നു. പോലീസില്‍ അറിയിക്കുന്നതിന് പകരം ചര്‍ച്ചിന് മുന്നില്‍ വെച്ച് ഇയാളോട് മാപ്പ് ചോദിക്കാന്‍ മാത്രമാണ് സഭ ആവശ്യപ്പെട്ടത്. ശിക്ഷാവിധിയുടെ സമയത്ത്, ‘എന്റെ പാപങ്ങളെല്ലാം സഭ തന്നോട് ക്ഷമിച്ചതാണെന്നും നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിട്ടുണ്ടോ’ എന്നുമാണ് പ്രതി ജഡ്ജിയോട് തിരിച്ചു ചോദിച്ചത്.
ഇരകളെ വേട്ടയാടുന്ന ‘ക്ഷമിക്കല്‍’ സിദ്ധാന്തം
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സ്‌കാന്‍ഡിനേവിയയില്‍ (Scandinavia) രൂപംകൊണ്ട ഈ സഭ, സ്വര്‍ഗ്ഗം തങ്ങള്‍ക്ക് മാത്രമായി കരുതിവെച്ചിട്ടുള്ളതാണെന്നാണ് വിശ്വസിക്കുന്നത്. സഭയിലെ മറ്റൊരു അംഗത്തോട് പാപം ഏറ്റുപറഞ്ഞ് അവര്‍ അത് ക്ഷമിച്ചാല്‍ ആ പാപം പൂര്‍ണ്ണമായും കഴുകിക്കളയപ്പെടുമെന്നാണ് ഇവരുടെ വിശ്വാസം.
എന്നാല്‍ ഇതിനേക്കാള്‍ ഭയനാകമായ വശം മറ്റൊന്നാണ്; ഒരിക്കല്‍ ഒരു കുറ്റവാളിയോട് സഭ ക്ഷമിച്ചുകഴിഞ്ഞാല്‍, പിന്നീട് ആ തെറ്റിനെക്കുറിച്ച് ഇരകള്‍ ഉള്‍പ്പെടെ ആര് സംസാരിച്ചാലും അവര്‍ ‘ക്ഷമിക്കാന്‍ മനസ്സില്ലാത്ത ദുഷ്ട ഹൃദയമുള്ളവരായി’ മുദ്രകുത്തപ്പെടും. ഇതോടെ പീഡനം നടത്തിയ ആളുടെ തലയില്‍ നിന്നും പാപത്തിന്റെ ഭാരം ഇരയുടെ തലയിലേക്ക് മാറുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. സഭയുടെ ഈ ആചാരങ്ങള്‍ കാരണം ഇരകള്‍ക്ക് നിയമസഹായം തേടാന്‍ കഴിയാതെ വരികയും, വേദനകള്‍ ഉള്ളിലൊതുക്കി നരകതുല്യമായ ജീവിതം നയിക്കേണ്ടി വരികയും ചെയ്യുന്നു.
മൂന്ന് തലമുറകളെ വേട്ടയാടിയ പീഡനം

സഭയ്ക്കുള്ളിലെ ഇന്‍സുലാര്‍ (പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട) സംസ്‌കാരം കാരണം പീഡനങ്ങള്‍ തലമുറകളിലേക്ക് പടരുകയാണ്. ലോറി പെല്‍ഡോ എന്ന സ്ത്രീ തനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ മുതല്‍ സ്വന്തം മൂത്ത സഹോദരന്‍ എട്ട് വര്‍ഷത്തോളം പീഡിപ്പിച്ച വിവരം വെളിപ്പെടുത്തി. ചര്‍ച്ചിന്റെ ഉപദേശപ്രകാരം മാതാപിതാക്കള്‍ ഇത് പോലീസില്‍ അറിയിച്ചില്ല. പിന്നീട് ലോറിയുടെ 11 വയസ്സുള്ള മകള്‍ ടോന്യയെ സഭയിലെ ക്ലിന്റ് മാസി എന്നയാള്‍ പീഡിപ്പിച്ചു. ഈ വിവരവും പാസ്റ്റര്‍മാരോട് പറഞ്ഞപ്പോള്‍, ക്ലിന്റ് മാസിയോട് ക്ഷമിക്കാനാണ് അവര്‍ ടോന്യയോട് ആവശ്യപ്പെട്ടത്. ഇതിനൊടുവില്‍ 2019-ല്‍ ടോന്യയുടെ 14 വയസ്സുള്ള മകളും സഭയിലെ മറ്റൊരു ബന്ധുവിനാല്‍ പീഡിപ്പിക്കപ്പെട്ടു. അങ്ങനെ ഒരു കുടുംബത്തിലെ മൂന്ന് തലമുറയിലെ പെണ്‍കുട്ടികളാണ് സഭയ്ക്കുള്ളില്‍ പീഡനത്തിന് ഇരയായത്.
സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ മുന്‍കാല പരീക്ഷണങ്ങള്‍
ഇതേ വിശ്വാസധാര പിന്തുടരുന്ന നോര്‍വേ, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ചര്‍ച്ചുകളിലും സമാനമായ പീഡന പരമ്പരകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. 2017-ല്‍ നോര്‍വീജിയന്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ചെറിയ ഗ്രാമത്തിലെ സഭാംഗങ്ങള്‍ക്കിടയില്‍ മാത്രം 151 ലൈംഗിക അതിക്രമ കേസുകള്‍ കണ്ടെത്തിയിരുന്നു. അന്ന് കടുത്ത ജനരോഷത്തെ തുടര്‍ന്ന് ഫിന്‍ലാന്‍ഡിലെ സഭാ നേതൃത്വം തങ്ങള്‍ക്ക് തെറ്റ് പറ്റിയതായി സമ്മതിക്കുകയും പീഡനങ്ങള്‍ പോലീസില്‍ അറിയിക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തങ്ങളുടെ മാതൃ സഭ സ്ഥിതി ചെയ്യുന്ന സ്വീഡനില്‍ നിന്നുള്ള മുതിര്‍ന്ന മതമേധാവികള്‍ ഈ വേനല്‍ക്കാലത്ത് യുഎസിലെയും കാനഡയിലെയും ചര്‍ച്ചുകള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഈ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ അമേരിക്കയിലെയും സ്വീഡനിലെയും സഭാ പ്രതിനിധികള്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നും സഭയ്ക്കുള്ളില്‍ വ്യവസ്ഥാപിതമായ പീഡന രീതികള്‍ ഇല്ലെന്നുമാണ് ഇവരുടെ വാദം. എങ്കിലും നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പാസ്റ്റര്‍മാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കുമെന്നും സഭ അറിയിച്ചു.


