25
Apr 2024
Mon
25 Apr 2024 Mon

കൊല്ലം: സിപിഐഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സെയ്ദലി, കെ എസ് യു ജില്ലാ വൈസ് പ്രസിഡൻ്റ് ഫൈസൽ എന്നിവർക്കെതിരെ വധശ്രമം, ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രതികൾക്ക് ചിന്തയുമായുള്ള രാഷ്ട്രീയ വിരോധം കാരണം ആക്രമണം നടത്തിയെന്നാണ് ആരോപണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്നാണ് പ്രതികളുടെ വാദം.

തിരുമുല്ലവാരത്ത് ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെയ്ദലി മനഃപൂര്‍വം കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിച്ചെന്നും ഫൈസല്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

ചര്‍ച്ച കഴിഞ്ഞ് എല്ലാവരും ഒരുമിച്ച് സംസാരിച്ച് വരുമ്പോള്‍ കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്ന് യുവാക്കള്‍ പറഞ്ഞു. ബോധപൂര്‍വം അല്ലെന്നാണ് സ്ഥലത്തുണ്ടായിരുന്ന കാറുടമ പറയുന്നത്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് -സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിന്റെ വക്കില്‍ എത്തിയിരുന്നു. ചര്‍ച്ച കഴിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിനോയ് ഷാനൂര്‍ തന്റെ കാറില്‍ മടങ്ങാന്‍ ഒരുങ്ങവേ ഡ്രൈവര്‍ കാര്‍ പിന്നോട്ട് എടുക്കുമ്പോള്‍ സമീപം നില്‍ക്കുകയായിരുന്ന ചിന്തയുടെ ദേഹത്ത് തട്ടുകയായിരുന്നു. മനഃപൂര്‍വം കാര്‍ ഇടിപ്പിച്ചതാണെന്ന് സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. കാര്‍ അറിയാതെ തട്ടിയതാണെന്നു ചിന്ത തന്നെ പറഞ്ഞിരുന്നു എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദം.

ചിന്ത ജെറോം എന്‍എസ് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.