തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏതു മുന്നണിയെ പിന്തുണയ്ക്കുമെന്നതടക്കമുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാട് നാളെ പ്രഖ്യാപിച്ചേക്കും. നാളെ രാവിലെ 11ന് തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ( Welfare party will announce its election policy tomorrow )
|
യുഡിഎഫിന് അനുകൂലമായിരിക്കും വെല്‍ഫെയര്‍ പാര്‍ട്ടി നിലപാട് എന്നാണ് പ്രതീക്ഷിക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫിനായിരുന്നു. പകുതിയോളം മണ്ഡലങ്ങളില്‍ ഇരു മുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ ഏറെ ഗുണം ചെയ്യും. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഫാക്ടര്‍ യുഡിഎഫിന് വലിയ വിജയമാണ് സമ്മാനിച്ചത്. ആലപ്പുഴയില്‍ ഒഴികെ 19 മണ്ഡലങ്ങളിലും ജയിച്ചുകയറാന്‍ യുഡിഎഫിന് കഴിഞ്ഞു. എന്നാല്‍, ഇത്തവണ രാഹുല്‍ ഫാക്ടര്‍ സംസ്ഥാനത്ത് കാര്യമായി ഇല്ല. ഈ സാഹചര്യത്തില്‍ ചെറുപാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാവും.
യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐയുടെ തീരുമാനത്തിനെതിരേ ബിജെപിയും എല്‍ഡിഎഫും രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കില്ലെന്നും വ്യക്തിപരമായി ആര്‍ക്കും വോട്ട് ചെയ്യാമെന്നുമാണ് യുഡിഎഫ് നേതൃത്വം പ്രതികരിച്ചത്. അതുകൊണ്ട് തന്നെ വെല്‍ഫെയര്‍ പാര്‍ട്ടി പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നതിന് പകരം പരോക്ഷ നിലപാട് സ്വീകരിക്കാനും സാധ്യതയുണ്ട്. നേരത്തേ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരസ്യ പിന്തുണയ്‌ക്കെതിരേ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വെല്‍ഫെയര്‍ പിന്തുണ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി ആരോപിച്ചിരുന്നു.
പിഡിപി പതിവുപോലെ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫിന് വേണ്ടി പരസ്യമായി പ്രചാരണ രംഗത്തിറങ്ങാനാണ് പിഡിപി തീരുമാനം.


